Your Image Description Your Image Description

കൊച്ചി: ഡോളറിനെതിരെ തുടർച്ചയായ ഇടിവ് നേരിട്ട് രൂപ. 17 പൈസ കൂടി ഇടിഞ്ഞതോടെ ഇന്നലെ രൂപയുടെ മൂല്യം 85.91 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ്‌ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഓഹരി വിപണികളിലെ തകർച്ചയും ഡോളർ ഡിമാൻഡ് ഉയർത്തുകയാണ്.

ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 85.82നാണ് ഇന്നലെ ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച രൂപയ്ക്ക് 6 പൈസയുടെ നഷ്ടം നേരിട്ടിരുന്നു. റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച 11 പൈസയുടെ നേട്ടം രൂപയുടെ മൂല്യത്തിലുണ്ടായെങ്കിലും, ഇടിവിനെ കാര്യമായി പ്രതിരോധിക്കാനായില്ല. കറൻസിയുടെ മൂല്യമിടിയുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലും കുറവ് വരുത്തുന്നുണ്ട്.

10 വർഷ അമേരിക്കൻ കടപ്പത്രങ്ങളുടെ വരുമാനം 4.7% ആയി ഉയർന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി. പലിശ ഇളവ് വൈകിക്കാനുള്ള ഫെഡറൽ റിസർവ് തീരുമാനമാണ് അമേരിക്കൻ കടപ്പത്രങ്ങളുടെ വരുമാനം വർധിക്കാൻ കാരണം. ഡോളർ ഇൻഡക്സ് 108.76 നിലവാരത്തിലാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *