Your Image Description Your Image Description

മുംബൈ: മുടിയൊന്നാകെ കൊഴി‌ഞ്ഞു പോകുന്നെന്ന പരാതിയുമായി നിരവധി പേരാണ് മഹാരാഷ്ട്രയിൽ ചികിത്സ തേടുന്നത്. ആളുകളുടെ ആശങ്ക വർധിച്ചതോടെ പരിശോധന തുടങ്ങിയിരിക്കുകയാണ് ബുൽധാന ജില്ലയിലുള്ള ആരോഗ്യ വകുപ്പ് അധികൃതർ. മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള അനേകം പേർ ആശുപത്രികളിലെത്തി ചികിത്സ തേടുകയാണ്. ഗ്രാമവാസികളുടെ മുടിയുടെയും ത്വക്കിന്റെയും സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചു.

മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിൽ താമസിക്കുന്ന നിരവധി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ അവസ്ഥ അനുഭവിക്കുന്നതായി പറയുന്നു. മുടികൊഴിച്ചിൽ തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് തലയിൽ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നു. വെറുതെയൊന്ന് തൊടുമ്പോഴും, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴും മുടി ഒന്നാകെ കൊഴിഞ്ഞുവീഴുന്നത്. തലയിൽ ചില ഭാഗങ്ങളിൽ മാത്രം മുടി പൂർണമായി കൊഴി‌ഞ്ഞു പോയവരുമുണ്ട്. ഭയന്നു പോയ ഗ്രാമവാസികളിൽ നിരവധിപ്പേർ ചികിത്സ തേടിയതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

നിലവിൽ അൻപതോളം പേരെയാണ് പ്രശ്നങ്ങളുമായി കണ്ടെത്തിയിരിക്കുന്നതെങ്കിലും കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. ഇവരിൽ നിന്ന് മുടിയുടെയും തലയിലെ ത്വക്കിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ ജല സ്രോതസുകളിൽ ഉണ്ടായേക്കാവുന്ന മലിനീകരണമാണ് പ്രശ്നത്തിന് കാരണമെന്ന് കരുതുന്നതായി ഡോക്ടർമാർ പറയുന്നു. വളങ്ങളും മറ്റും അമിതമായ അളവിൽ വെള്ളത്തിൽ കലർന്നതു കൊണ്ടാവും ഇത് സംഭവിച്ചതെന്നും കരുതപ്പെടുന്നു. പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതു വരെ കൃത്യമായി ഒന്നും പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പ്രദേശത്തെ വെള്ളം ഉൾപ്പെടെ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കണമെന്ന പൊതു നിർദേശമാണ് ഡോക്ടർമാർ ഗ്രാമീണർക്ക് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *