Your Image Description Your Image Description

എച്ച്എംപിവി വൈറസ് ആശങ്ക പടർന്ന് ഇന്ത്യന്‍ ഓഹരി വിപണികളും. രാജ്യത്ത് 2 വൈറസ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 1200 പോയിന്‍റോളം ഇടിഞ്ഞു. നിഫ്റ്റി 1.4 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഓഹരികളുടെ ചാഞ്ചാട്ടം കണക്കാക്കുന്ന ഇന്ത്യ വിക്സ് 13 ശതമാനം വര്‍ദ്ധിച്ചു. ഓഹരി വിപണികളിലെ മിക്കവാറും എല്ലാ മേഖലകളിലും ഇടിവ് രേഖപ്പെടുത്തി. മിഡ് ക്യാപ്, സ്മാള്‍ ക്യാപ്പ് ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. നിഫ്റ്റി മിഡ് ക്യാപ്പ് ഓഹരികളില്‍ 2.6 2% ഇടിവ് രേഖപ്പെടുത്തി.

ലോഹം, പൊതുമേഖല ബാങ്കുകള്‍, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ഗ്യാസ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇടിവ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. യൂണിയന്‍ ബാങ്കിന്‍റെ ഓഹരികളില്‍ 7 ശതമാനം നഷ്ടം ഉണ്ടായി. ബാങ്കിംഗ് ഓഹരികളില്‍ 1.6 ശതമാനം നഷ്ടമുണ്ടായി.

കമ്പനികളുടെ പാദഫലം എങ്ങനെയായിരിക്കും എന്നുള്ള ആശങ്കയില്‍ ആയിരുന്നു വിപണികള്‍. ഇതിനു പുറമേ അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുമ്പോള്‍ അത് ആഗോള സാമ്പത്തിക രംഗത്ത് എന്ത് മാറ്റം ഉണ്ടാക്കുമെന്നും ഉറ്റുനോക്കുകയായിരുന്നു നിക്ഷേപകര്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം ഇന്ത്യയില്‍ നിന്ന് വിറ്റഴിക്കുകയും ചെയ്യുന്ന പ്രതിസന്ധിയും വിപണികളില്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി എച്ച്എംപിവി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യത്തെ രണ്ട് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും കാര്യങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിപണികള്‍ക്ക് അത് ആത്മവിശ്വാസം നല്‍കിയില്ല.

വിപണികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഇവയാണ്

1.വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അവരുടെ ഇന്ത്യയിലെ നിക്ഷേപം കാര്യമായ രീതിയില്‍ വിറ്റഴിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക ജനിപ്പിക്കുന്നു
2.കമ്പനികളുടെ പാദഫലങ്ങള്‍ പുറത്തു വരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയില്‍. കഴിഞ്ഞ പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനഫലം അത്ര മികച്ചതായിരുന്നില്ല
3.രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനം സംബന്ധിച്ച കണക്കുകള്‍ വിപണികളില്‍ ആശങ്ക സൃഷ്ടിച്ചു.
4.ട്രംപിന്‍റെ നിലപാടുകള്‍ നിര്‍ണായകം

Leave a Reply

Your email address will not be published. Required fields are marked *