Your Image Description Your Image Description

തിരുവനന്തപുരം : ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓൺലൈൻ വിൽപ്പനയുടെയും മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെയും കാലഘട്ടത്തിൽ ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി തർക്ക പരിഹാര സേവനങ്ങൾക്ക് ഓൺലൈൻ, വീഡിയോ കോൺഫറൻസിങ് മാർഗ്ഗങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂൾ – കോളേജ് തലത്തിൽ ആയിരം ബോധവൽക്കരണ ക്ലബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികളെ ഉപഭോക്തൃ സേവന പ്രചാരകരാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്തൃ ശാക്തീകരണത്തിലും ഉപഭോക്തൃ സംസ്‌കാരത്തിലും കേരളം ഏറെ മുന്നിലാണ്. തർക്കപരിഹാരം ബോധവൽക്കരണം നയരൂപീകരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഉപഭോക്തൃ ശാക്തീകരണത്തിനും സേവനങ്ങൾക്കുമായി സർക്കാർ ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗുണഭോക്താക്കൾ തർക്കപരിഹാര കമ്മീഷൻ സേവനം നല്ല തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സമയബന്ധിതമായി തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഉപഭോക്തൃ പരാതി പരിഹാര നിരക്ക് അൻപത് ശതമാനത്തിൽ നിന്ന് നിലവിൽ 168 ശതമാനമായി വർധിച്ചിട്ടുണ്ട്. നമ്മുടെ കമ്മീഷനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തർക്ക പരിഹാരത്തിനുള്ള വേഗവും വർധനവും. കമ്മീഷനുകൾ പോലീസ് സഹായത്തോടെ വിധി നടപ്പാക്കാൻ കൂടി തുടങ്ങിയപ്പോൾ ജനങ്ങളിൽ കൂടുതൽ വിശ്വാസ്യതയും പരിഹാരമുണ്ടാകുമെന്നുള്ള ഉറപ്പുമുണ്ടായെന്ന് മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *