Your Image Description Your Image Description

മനു ഭാക്കറിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാത്തതിൽ ഇടപ്പെട്ട് കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 2024-ലെ പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയതാണ് മനു ഭാക്ക‍‍ർ.

പന്ത്രണ്ടംഗ കമ്മിറ്റി വെച്ച ശുപാര്‍ശയുടെ വിശദാംശങ്ങള്‍ തേടിയ മന്ത്രി ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് സിങ്, പാരാലിമ്പിക്‌സില്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ പ്രവീണ്‍കുമാര്‍ എന്നിവര്‍ക്ക് ഖേല്‍ രത്‌ന ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത വന്നതോടെയാണ് വിവാദം തുടങ്ങിയത്. പാരീസില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും മെഡല്‍ നേടി ഏറ്റവും പ്രായം കുറഞ്ഞ താരത്തെ പുരസ്‌കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്നലെ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. മാത്രമല്ല താരത്തിന്റെ പിതാവ് രാം ഭാക്കര്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കായിക മന്ത്രിയുടെ ഇടപെടല്‍.

നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത് കണക്കിലെടുത്ത് മനുഭാക്കറിന് കൂടി ഖേല്‍ രത്‌ന നല്‍കാന്‍ കഴിയുമോ എന്ന കാര്യം കേന്ദ്ര കായിക മന്ത്രാലയം പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *