Your Image Description Your Image Description

ബീജിങ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌വാന് സൈനിക സഹായം നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിൽ എതിർപ്പറിയിച്ച ചൈന അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്നാണ് മുന്നറിയിപ്പ് നൽകിയത്.

തായ്വാന് ആയുധം നൽകുന്നത് നിർത്തണമെന്നും തായ്വാൻ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന അപകടകരമായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിനെതിരായ പ്രവർത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വിമർശിച്ചു.

തായ‌്വാന് 571.3 ദശലക്ഷം ഡോളറിൻ്റെ സഹായം നൽകാനുള്ള കരാറിന് വെള്ളിയാഴ്ച ജോ ബൈഡൻ ഒപ്പുവെച്ചിരുന്നു. സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നൽകുന്നതായിരുന്നു കരാർ. ഇതുകൂടാതെ 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധസംവിധാനങ്ങളും വിൽപനയും ബൈഡൻ അംഗീകരിച്ചു. കഴിഞ്ഞ സെപ്‌തംബറിൽ 567 ദശലക്ഷം ഡോളറിൻ്റെ സൈനിക സഹായത്തിന് ബൈഡൻ അംഗീകാരം നൽകിയതിന് പുറമേയാണ് പുതിയ സഹായം. അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തായ്‌വാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇതിനെതിരേയാണ് ചൈന രംഗത്തുവന്നിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *