Your Image Description Your Image Description

ന്യൂഡൽ​ഹി: കേര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ പുതുവർഷ സമ്മാനം. 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്താൻ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി തീരുമാനിച്ചു. കൊപ്രയുടെ താങ്ങുവിലയിൽ 121 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. മില്ലിം​ഗ് കൊപ്രയുടെ താങ്ങുവില ക്വിൻ്റലിന് 11,582 രൂപയായാണ് വർധിപ്പിച്ചത്. 5,250 രൂപയായിരുന്നു നേരത്തേ മില്ലിം​ഗ് കൊപ്രയുടെ താങ്ങുവില.

ഉണ്ട കൊപ്രയുടെ താങ്ങുവിലയിൽ 120 ശതമാനവാണ് വരുത്തിയത്. ഇതോടെ ക്വിന്റലിന് 5,500 രൂപയായിരുന്ന ഉണ്ട കൊപ്രയുടെ താങ്ങുവില 12,100 രൂപയായി. 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തിയതോടെ കൊപ്ര കിലോയ്‌ക്ക് 10 രൂപ മുതൽ 42 രൂപ വരെ വർധിക്കും. താങ്ങുവില വർധിപ്പിച്ചത് കർഷകരുടെ വരുമാനം ഉയരാൻ കാരണമാകും.

പ്രൈസ് സപ്പോർട്ട് പദ്ധതി (PSS) പ്രകാരം നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) എന്നിവ കൊപ്രയും തൊലി നീക്കം ചെയ്ത തേങ്ങയും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി (CNA) തുടരും. ഉത്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും വില ഓരോ വിളകൾക്കും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2018-19-ലെ കേന്ദ്രബജറ്റിലാണ് എല്ലാ വിളകൾക്കും താങ്ങുവില പ്രഖ്യാപിക്കാനുള്ള തീരുമാനം അറിയിച്ചത്.

കേരളത്തിൽ അടുത്തകാലത്ത് തേങ്ങയുടെ വിലയിൽ വൻ വർധനവാണുണ്ടായത്. നവംബർ മൂന്നാം വാരം പച്ചത്തേങ്ങ വില 52.50 എന്ന സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇതിന് പിന്നാലെ വെളിച്ചെണ്ണ വില 250 രൂപ കടന്നിരുന്നു. പിന്നീടുള്ള ആഴ്ചകളിൽ തേങ്ങാ വില 40രൂപയിലേക്ക് എത്തിയെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് നല്ല വിലയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും തേങ്ങ ഉത്പാദനം കുത്തനെ ഇടിഞ്ഞതും വടക്കൻ കേരളത്തിലെ പച്ച തേങ്ങ തമിഴ്‌നാടും കർണാടകയും വാങ്ങിക്കൂട്ടുന്നതുമാണ് കേരളത്തിൽ തേങ്ങയുടെ വിലകൂടാൻ കാരണമായതെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *