Your Image Description Your Image Description

രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും സംഘപരിവാറിനെതിരായുള്ള പോരാട്ടത്തിൽ മറ്റുള്ളവരോടൊപ്പം കണ്ണിചേർന്നിട്ടുണ്ട്‌. എന്നാൽ, കോൺഗ്രസിന്റെ കേരള ഘടകം ആ പാർടി ദേശീയതലത്തിൽ എതിർക്കുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ്‌ നടപടികളെ സംസ്ഥാനത്ത്‌ കൈയടിച്ച്‌ അംഗീകരിക്കുന്ന ദാരുണമായ രംഗമാണ്‌ കാണുന്നത്‌.

ഏറ്റവും ഒടുവിലത്തേതാണ്‌ സർവകലാശാലാ സെനറ്റുകളിലേക്ക്‌ സംഘപരിവാറുകാരെ കുത്തിനിറയ്‌ക്കുന്ന ഗവർണറുടെ നടപടിയെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻതന്നെ അനുകൂലിച്ചത്‌. വേണ്ടിവന്നാൽ ബിജെപിയിൽ ചേരുമെന്നും അതിന്‌ ആരുടെയും അനുവാദം ആവശ്യമില്ലെന്നും ആർഎസ്‌എസ്‌ ശാഖകൾക്ക്‌ സംരക്ഷണം നൽകിയിട്ടുള്ള ആളാണ്‌ താനെന്നും മറ്റും വെളിപ്പെടുത്തി സംഘപരിവാർ മനസ്സ്‌ പണ്ടേ തുറന്നുപറഞ്ഞിട്ടുള്ള ആളാണ്‌ സുധാകരൻ.

എന്നാൽ, അവസരവാദത്തിന്റെ ആൾരൂപമാണെന്ന്‌ രാഷ്‌ട്രീയ ജീവിതത്തിൽ ഉടനീളം തെളിയിച്ചിട്ടുള്ള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സ്വാർഥതാൽപ്പര്യത്തോടെ സ്വേച്ഛാധിപത്യപരമായി സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനെ അപലപിക്കാൻ മറ്റ്‌ കോൺഗ്രസ്‌ നേതാക്കളും തയ്യാറായിട്ടില്ല.

ഗവർണർ സംഘപരിവാറുകാരെ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്യുന്നതിൽ എന്താണ്‌ കുഴപ്പമെന്നാണ്‌ സുധാകരന്റെ ചോദ്യം. കോൺഗ്രസുകാരെയും ഗവർണർ നിർദേശിച്ചിട്ടുണ്ടെന്ന്‌ ആഹ്ലാദിക്കുകയും ചെയ്യുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്ന ആർഎസ്‌എസ്‌ നേതാവിന്റെ ഭാര്യയെയും വിശേഷ യോഗ്യതയൊന്നുമില്ലാത്ത ബിജെപിക്കാരെയും മറ്റും സർവകലാശാലയുടെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പ്രധാനപങ്കുള്ള വേദികളിൽ തിരുകിക്കയറ്റുന്നതിൽ കോൺഗ്രസ്‌ നേതാക്കൾ അന്യായമൊന്നും കാണുന്നില്ല.

കേരള നിയമസഭയിൽ ഒരു സീറ്റ്‌ പോലുമില്ലാത്ത, ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭയിലും കേരളത്തിൽ നിന്ന്‌ ഒരംഗംപോലുമില്ലാത്ത പാർടിയുടെ–- അതായത്‌ കേരള ജനതയുടെ അംഗീകാരം അൽപ്പം പോലുമില്ലാത്ത പാർടിയുടെ പ്രവർത്തകരെയാണ്‌ സങ്കുചിത രാഷ്‌ട്രീയതാൽപ്പര്യത്തോടെ ഗവർണർ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത്‌ . അത് കോൺഗ്രസ്സുകാർക്ക് വിഷയമല്ല.

വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ, അതുവഴി ജനാഭിലാഷത്തെ, മറികടക്കാൻ ഗവർണർക്ക്‌ അധികാരമുണ്ടന്നാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ നിലപാട്‌. യുഡിഎഫ്‌, ആർഎസ്‌എസ്‌ നേതാക്കൾ ചർച്ച ചെയ്‌താണ്‌ ഗവർണറുടെ പട്ടിക തയ്യാറാക്കിയത്‌ എന്ന വിവരവും പരസ്യമായിട്ടുണ്ട്‌.

കോൺഗ്രസിന്റെ ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ വയനാട്‌ എംപിയായി ഒതുക്കിയ കുരുട്ടുബുദ്ധികളിൽ നിന്ന്‌ രാജ്യവും കാലവും ആവശ്യപ്പെടുന്ന രാഷ്‌ട്രീയ വിവേകം പ്രതീക്ഷിക്കാനാകില്ല. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനേ സാധിക്കൂ എന്ന ധാരണയിൽ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ആ പാർടിയുടെ മുന്നണിക്ക്‌ വൻ പിന്തുണ നൽകിയവരാണ്‌ മലയാളികൾ.

ആ ധാരണ തെറ്റായിരുന്നെന്നും കേന്ദ്രം കേരളത്തോട്‌ നിരന്തരം ചെയ്യുന്ന അനീതികൾക്കെതിരെ യുഡിഎഫ്‌ എംപിമാർ ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്‌. അതിനാൽ കഴിഞ്ഞതവണ ലഭിച്ചതിന്റെ പകുതി സീറ്റ്‌ പോലും ഇനി കിട്ടില്ലെന്ന തിരിച്ചറിവിലാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ സംഘപരിവാർ പ്രീണനം.

യുഡിഎഫിനെ വിജയിപ്പിച്ചാൽ സുധാകരന്മാരെ എപ്പോൾ വേണമെങ്കിലും വിലയ്‌ക്കെടുക്കാമെന്ന്‌ ബിജെപിക്കറിയാം. ഇത്തരം നേതാക്കളെ വിശ്വസിക്കാനാകില്ലെന്ന്‌ തിരിച്ചറിയാൻ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിനെങ്കിലും സാധിക്കണം. ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാമെന്ന്‌ വ്യാമോഹിച്ചവരുടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മറ്റും പതനം പാഠമാകണം.

Leave a Reply

Your email address will not be published. Required fields are marked *