Your Image Description Your Image Description

പെട്രോൾ ഡീസൽ വിലവർധനയുടെ പശ്ചാത്തലത്തിൽ വൈദ്യുത വാഹനങ്ങളുടെ വിൽപ്പന ദിവസംപ്രതി കൂടുന്നുണ്ടെങ്കിലും വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ കുറവ് കൊല്ലത്തെ വാഹന ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നു. പതിനഞ്ചോളം അതിവേഗ വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ ഉണ്ടെങ്കിലും വാഹന ഉടമകളുടെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ ഇത് പര്യാപ്തമല്ല. കേടായ ചാർജിങ് സ്റ്റേഷനുകൾ നന്നാക്കുന്നതും മുടങ്ങിക്കിടപ്പാണ്.

ഓരോ മാസവും വൈദ്യുത വാഹനങ്ങളുടെ വിൽപ്പന കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാവിയിൽ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാൻ പെ​ട്രോൾ-ഡീസൽ വാഹനങ്ങളുടെ നിർമാണം നിർത്തുമെന്ന് വരെ പ്രഖ്യാപിച്ച കമ്പനികളും ഏറെയാണ്. നിമിഷനേരം കൊണ്ട് മുഴുവൻ ചാർജാകുന്ന ബാറ്ററി, 1000 കിലോമീറ്ററിന് അടുത്ത് റേഞ്ച് തുടങ്ങി വമ്പൻ സാ​ങ്കേതിക വിദ്യകൾ കണ്ടുപിടിച്ച് കമ്പനികൾ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ 91,000 ഇലക്ട്രിക് കാറുകളാണ് വിൽപ്പന നടത്തിയതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർ അത്ര സന്തോഷവാൻമാരല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇ.വി ഉപയോഗിക്കുന്ന 51 ശതമാനം പേരും പെട്രോൾ-ഡീസൽ വാഹനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. 25,000 ഇലക്ട്രിക് വാഹനങ്ങളടക്കം 1.5 കോടി കാർ ഉടമകൾ അംഗങ്ങളായ പാർക്ക് + എന്ന പ്ലാറ്റ്ഫോമാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ 500 ഇലക്ട്രിക് കാർ ഉടമകളാണ് പഠനത്തിന്റെ ഭാഗമായത്.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകളുടെ മാനസികാവസ്ഥ മനസ്സിലാക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. ചാർജിങ് സംബന്ധിച്ച ഉത്കണ്ഠ, പരിപാലന ചെലവ്, വാഹനം വിൽക്കുമ്പോഴുള്ള മൂല്യം, ഉടമയുടെ സംതൃപ്തി, ജനപ്രിയ വാഹനങ്ങൾ തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്.

88 ശതമാനം പേർക്കും ചാർജിങ് സംബന്ധിച്ച ഉത്കണ്ഠയുണ്ടെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇന്ത്യയിലുടനീളം 20,000ന് മുകളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകളുണ്ട്. എന്നാൽ, ഇവയുടെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ വാഹന ഉടമകൾ നിരാശരാണ്. മിക്കവരും നഗരത്തിൽ 50 കിലോമീറ്ററിന് താഴെ മാത്രമാണ് സഞ്ചരിക്കുന്നത്. എന്നിട്ടും സുരക്ഷിതവും പ്രവർത്തനക്ഷമവുമായ ചാർജിങ് സ്റ്റേഷൻ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും ഉടമകൾ പറയുന്നു.

73 ശതമാനം ഉടമകൾക്കും പരിപാലന ചെലവ് സംബന്ധിച്ച് ആശങ്കയുണ്ട്. തങ്ങളുടെ വാഹനം മനസ്സിലാകാൻ സാധിക്കാത്ത ഒരു ‘ബ്ലാക്ക് ബോക്സ്’ ആയിട്ടാണ് പലരും കാണുന്നത്. ചെറിയ ​പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും പ്രാദേശിക മെക്കാനിക്കുകൾക്ക് അറിയില്ലെന്നതും പ്രശ്നം സങ്കീർണമാക്കുന്നു. വാഹനങ്ങൾ നന്നാക്കാൻ കൂടുതൽ ​വർക് ഷോപ്പുകൾ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികളുടെ വ്യക്തമായ ചിത്രം ലഭിക്കാത്തതും ഉടമകളെ നിരാശരാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *