Your Image Description Your Image Description

ഹൈദരാബാദ്: കുടുംബത്തിലെ പ്രശ്‌നങ്ങൾ വലിയ പൊട്ടിത്തെറിയിൽ കലാശിച്ചതിന് പിന്നാലെ തെലുഗു നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് നടനെ ഹൈദരാബാദിലെ കോണ്ടിനെന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉയർന്ന രക്തസമ്മർദം, ശരീരവേദന തുടങ്ങിയവയാണ് നടനുള്ള ആരോഗ്യപ്രശ്നങ്ങളെന്നും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

മോഹൻബാബുവും മകൻ മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം തിങ്കളാഴ്ച വലിയ പൊട്ടിത്തെറിയിലെത്തിയിരുന്നു. ജാൽപ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താൻ മകൻ മനോജും മരുമകളും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മോഹൻ ബാബു പോലീസിൽ പരാതി നൽകിയിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും നടൻ ആരോപിച്ചിരുന്നു. അതിനിടെ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്നും വീട്ടിൽപ്രവേശിക്കുന്നത് തടഞ്ഞെന്നും ആരോപിച്ച് മകൻ മനോജും മോഹൻ ബാബുവിനെതിരേ പരാതി നൽകി.
കഴിഞ്ഞദിവസം മനോജ് തന്റെ കുഞ്ഞിനെ കാണാനായി ജാൽപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും മോഹൻ ബാബുവിന്റെ സുരക്ഷാജീവനക്കാർ മനോജിനെ അകത്തേക്ക് കടത്തിവിടാൻ കൂട്ടാക്കിയില്ല. ഇതോടെ സംഘർഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് നിരവധി മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ഇതിനിടെ, തർക്കം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകനെ മോഹൻ ബാബു ആക്രമിച്ചതും വിവാദമായി. മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ മോഹൻ ബാബുവിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *