Your Image Description Your Image Description

2024 അവസാനിക്കാൻ ദിനങ്ങൾ മാത്രം ശേഷിക്കെ ഇക്കൊല്ലം പ്രകൃതി വാതകങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്, പ്രത്യേകിച്ച് കഴിഞ്ഞ നാളുകളിൽ. വികസിത രാജ്യങ്ങളിൽ പലയിടത്തും തണുപ്പ് വർധിച്ചതിനാൽ പ്രകൃതി വാതക വില നവംബറില്‍ 25 ശതമാനമാണ് വർധിച്ചത്. ഏഷ്യയിലേയും യൂറോപ്പിലേയും പ്രധാന വിപണികളിലെ വിലകളിലും മാറ്റമുണ്ടായി.

ചൈന, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ പ്രധാന പ്രകൃതി വാതക വിപണികളില്‍ തണുപ്പ് ഇക്കുറി ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് അനുമാനം. പ്രകൃതി വാതകം ഉപയോഗിച്ചു ചൂടു പകരാനുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനം കൂടുന്നതിനാല്‍ വില ഇനിയും കുതിക്കാനാണ് സാധ്യത. യൂറോപ്പിലേയും ഏഷ്യയിലേയും അതിവേഗം കുറയുന്ന പ്രകൃതി വാതക സംഭരണികള്‍ വീണ്ടും നിറയ്ക്കുന്നതിനാലാണ് സമീപകാലയളവില്‍ വിലയില്‍ കുതിപ്പുണ്ടായത്. ഏതാനും വര്‍ഷങ്ങളായി ലോക വ്യാപാര സൂചികയില്‍ പ്രകൃതി വാതക വില താഴ്ന്ന നിലയിലായിരുന്നു. എംഎംബിടിയുവിന് 1.40 ഡോളറിനും 3.65 ഡോളറിനും ഇടയിലായിരുന്നു വില. സപ്ലെ-ഡിമാന്റ് ബലതന്ത്രത്തിലെ സങ്കീര്‍ണ്ണതകളായിരുന്നു ഇതിനുപിന്നില്‍.

2024 മാര്‍ച്ചില്‍ വില നാലു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും പിന്നീട് കുത്തനെ ഉയര്‍ന്നു. ഡിമാന്റ് കുറവും കൂടിയ ഉത്പാദനവുമായിരുന്നു കാരണം. മുംബൈ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ മാര്‍ച്ചില്‍ വില 128.50 രൂപയില്‍ എത്തിയെങ്കിലും നവംബറോടെ 297 രൂപയായി ഉയര്‍ന്നു. പ്രധാന ഉപയോക്താക്കളായ യുഎസ്, യൂറോ മേഖലകളിലെ ആവശ്യം കുറഞ്ഞതും യൂറോപ്പില്‍ വ്യാവസായിക രംഗം വേഗക്കുറവ് നേരിടുകയും റെക്കോഡ് ഉത്പാദനം കൈവരിക്കുകയും യുഎസില്‍ നിന്നു കയറ്റുമതി കുറയുകയും ചെയ്തതും വിലയെ ബാധിച്ചു.

ഊര്‍ജ കാര്യക്ഷമത വര്‍ധിക്കുകയും ഊര്‍ജത്തിന്റെ പുനരുത്പാദനം കൂടുകയും റഷ്യന്‍ വാതക ആശ്രയത്വം കുറയുകയും ചെയ്തത് യൂറോപ്യന്‍ പ്രകൃതി വാതക ഡിമാന്റ് കുറയാനിടയാക്കി. നിലവിലെ കണക്കുകളനുസരിച്ച് യൂറോപ്പിന്റെ പ്രതിവര്‍ഷ പ്രകൃതി വാതക ഡിമാന്റ് 330 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍, അന്തര്‍ദേശീയ ഊര്‍ജ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2024ല്‍ ആഗോള പ്രകൃതി വാതക ഡിമാന്റ് കഴിഞ്ഞ 2 വര്‍ഷത്തേക്കാള്‍ കൂടിയിരിക്കയാണ്. 2024ല്‍ ഡിമാന്റ് 2.5 ശതമാനത്തിലധികം വര്‍ധിച്ചു. അടുത്ത വര്‍ഷവും ഇതേ വര്‍ധന തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *