Your Image Description Your Image Description

*ഭാഷയുടെയും സാംസ്‌കാരിക വൈവിധ്യത്തിൻറെയും അതിർവരമ്പുകൾ ഭേദിച്ച് കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് പുറത്തു പോലും മലയാള സിനിമ ശ്രദ്ധയാകർഷിച്ച വർഷമാണ് കടന്നു പോകുന്നത്. തീയറ്ററുകളിൽ മറുനാടുകളിൽ മലയാള ഭാഷ ചിത്രങ്ങൾ വിപ്ലവം സൃഷ്‌ടിച്ച വർഷമാണ് 2024. ഒടിടി പ്ലാറ്റുഫോമുകൾ നോക്കിയാലും മലയാള ചലച്ചിത്രങ്ങൾക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മറുഭാഷാ പ്രേക്ഷകരെ ലഭിക്കുന്നുണ്ട്.

2024ൽ മലയാള സിനിമ സൂപ്പർ സ്റ്റാറുകളുടെ ചുറ്റും ഭ്രമണം ചെയ്യാതെ ന്യൂ ജെൻ സിനിമകൾക്കും പരീക്ഷണ സിനിമകൾക്കും കൂടുതൽ പ്രാധാന്യം നൽകി. ഇത്തരം സിനിമകളെ ഇരു കൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത കാഴ്ച ഈ വർഷം നമ്മൾ കണ്ടു. ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമ പുതിയൊരു ഐഡന്റിറ്റി പ്രമേയത്തിലെ വ്യത്യസ്തതകളിലൂടെ നേടിയെടുത്തു. ലോക പ്രേക്ഷകരുടെ ശ്രദ്ധവരെ മലയാള സിനിമകൾക്ക് പിടിച്ചുപറ്റാൻ കഴിഞ്ഞു. മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തിയ വർഷം കൂടെയായിരുന്നു 2024. ഇന്ത്യന്‍ സിനിമാലോകത്തിന് ആകെ അഭിമാനമായി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം നേടിചരിത്രം കുറിച്ചിരുന്നു. ഈ ചിത്രത്തിലെയും മലയാളി സാനിധ്യം ശ്രദ്ധേയമാണ്.

ഒടിടി പ്ലാറ്റ്ഫോമുകള്‍ ജനപ്രീതി നേടിയ കൊവിഡ് കാലത്താണ് മലയാള സിനിമയെ മറുഭാഷാ പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ആദ്യമായി പരിചയപ്പെടുന്നത്. കൊവിഡ് കാലം ഒടിടിയിലൂടെ വലിയൊരു വിപണി മലയാള സിനിമയ്ക്ക് മുന്നില്‍ കുറന്നിട്ടു. 2024 പിന്നിടാനൊരുങ്ങുമ്പോള്‍ മറുഭാഷാ പ്രേക്ഷകര്‍ അതത് സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലെത്തി മലയാള സിനിമകള്‍ കാണുന്ന പുതിയൊരു ട്രെന്‍ഡിനും തുടക്കം കുറിച്ചിരിക്കുകയാണ്. മോളിവുഡ് വ്യവസായത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന, ഭാവിയിലേക്ക് സാധ്യതകളുടെ വലിയ വാതിലുകള്‍ തുറന്നിടുന്ന ട്രെന്‍ഡുമാണ് ഇത്.

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ 10 ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ആറ് സിനിമകളും റിലീസ് ചെയ്യപ്പെട്ട വര്‍ഷമാണ് 2024. അതില്‍ നാല് ചിത്രങ്ങളുടെയെങ്കിലും കളക്ഷന്‍ കുതിപ്പില്‍ ഈ മറുനാടന്‍ പ്രേക്ഷകരുടെ സംഭാവന നിര്‍ണ്ണായകമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങൾ തന്നെ ഉദാഹരണം. ഇവയുടെ ചുവടു പിടിച്ച് ഒരു വലിയ മാറ്റത്തിനു തന്നെ ഒരുങ്ങുകയാണ് മോളിവുഡ്.

Leave a Reply

Your email address will not be published. Required fields are marked *