Your Image Description Your Image Description

 

ഇന്ത്യന്‍ സിനിമാലോകത്തിന് ആകെ അഭിമാനമായി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം നേടിയ വർഷമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യന്‍ സംവിധായികയ്ക്ക് ഗ്രാന്‍ഡ് പ്രി ലഭിക്കുന്നത്. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് ചിത്രത്തിന് മലയാളത്തിൽ നൽകിയിരിക്കുന്ന പേര്.

80 ശതമാനത്തോളം മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.’ ‘കാവ്യാത്മകം’, ‘ലോലം’, ‘ഹൃയദയാവര്‍ജകം’ എന്നെല്ലാമാണ് കാനിലെ ആദ്യ പ്രദര്‍ശനത്തിനുശേഷം ചിത്രത്തിനു ലഭിച്ച വിശേഷണങ്ങള്‍. ‘ബാര്‍ബി’ സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്.

വർണകാഴ്ചകൾക്കും ആഡംബരത്തിനുമിടയിൽ ജീവിതം കൈവിട്ടുമൊകുന്ന ചില മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചിത്രം.മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഈ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിത ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായല്‍ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂണ്‍, ഛായാ ഖദം എന്നിവരോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവര്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളെ ആവേശത്തോടെയാണ് കാന്‍ ഫെസ്റ്റിവലില്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *