Home » Blog » kerala Mex » ബിജെപി ഓഫീസിൽ പോയിട്ടില്ല, ഷാൾ അണിയിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധം: ഐഷാ പോറ്റി
ayisha-pottu-680x450

ബിജെപിയുമായി ചേർന്ന് ചർച്ചകൾ നടത്തിയെന്ന ആരോപണങ്ങൾ തള്ളി മുൻ സിപിഐഎം എംഎൽഎ ഐഷാ പോറ്റി രംഗത്ത്. ബിജെപി ഓഫീസിൽ പോയിട്ടില്ലെന്നും ഷാൾ അണിയിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും അവർ വ്യക്തമാക്കി. ബിജെപി നേതാക്കൾ ബന്ധുക്കളുടെ വീട്ടിൽ വന്ന് തന്നെ കണ്ടിരുന്നു എന്നതൊഴിച്ചാൽ, താൻ അങ്ങോട്ട് ആരുമായും യാതൊരുവിധ രാഷ്ട്രീയ ചർച്ചകളും നടത്തിയിട്ടില്ലെന്ന് അവർ പ്രതികരിച്ചു.

ബിജെപി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പല നേതാക്കളും തന്നെ വന്ന് കണ്ടിട്ടുണ്ട്, എന്നാൽ ഷാൾ അണിയിച്ചെന്നൊക്കെയുള്ള ബിജെപിയുടെ അവകാശവാദം പച്ചക്കള്ളമാണെന്നും അവർ കൂട്ടിച്ചേർത്തു. ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ശ്രമിച്ചിരുന്നുവെന്നും തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ ആരോപിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം. തിരഞ്ഞെടുപ്പ് സമയത്ത് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും സോമൻ മുഴക്കിയിരുന്നു.

അഞ്ച് വർഷത്തോളമായി സിപിഐഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ഐഷാ പോറ്റി ഒരു മാസം മുൻപാണ് കോൺഗ്രസിൽ ചേർന്നത്. മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ച അവർ സിപിഐഎമ്മിന്റെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളായിരുന്നു. ഈശ്വരവിശ്വാസിയായ ഐഷാ പോറ്റിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിരീശ്വരവാദിയാക്കിയതെന്ന ബിജെപിയുടെ പരിഹാസത്തോടും ശക്തമായ ഭാഷയിലാണ് അവർ മറുപടി നൽകിയത്.