Your Image Description Your Image Description

തൃശൂർ : നെടുപുഴ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം അവസാനത്തില്‍ പൂര്‍ത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കിഫ്ബി അനുവദിച്ച 37 കോടി രൂപയുടെ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മാസത്തില്‍ നടക്കുമെന്നും നെടുപുഴയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പറഞ്ഞു.

മേല്‍പ്പാലത്തിന് ആവശ്യമായ ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരമായി 12,52,1,905 രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ഇതിനു പുറമേ ആര്‍ആര്‍ പാക്കേജായി 39.15 ലക്ഷം രൂപയും വിതരണം ചെയ്തു. 71 പേരുടെ ഭൂമിയാണ് പാലത്തിനായി ഏറ്റെടുക്കുന്നത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതു സമൂഹത്തിന്റെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. 2016 എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യഘട്ടത്തില്‍ തന്നെ റെയില്‍വേ മേല്‍പ്പാലത്തിന് ബജറ്റ് അംഗീകാരത്തിനുള്ള ആവശ്യം ഉന്നയിച്ചിരുന്നു. റയില്‍വേ പാലം എന്നതിനാല്‍ തടസ്സങ്ങള്‍ നിരവധി ഉണ്ടായി.

കിഫ്ബി വഴി റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മ്മാണം നടത്താനുള്ള ശ്രമങ്ങള്‍ പിന്നീട് ആരംഭിച്ചു. അന്നത്തെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ സഹായം കൂടിയായപ്പോള്‍ കിഫ്ബി പ്രോജക്ടിന് അംഗീകാരം നല്‍കി.

റയില്‍വേ ലൈനിനു കുറുകെയുള്ള സ്ലാബിന്റെ അനുമതി ലഭ്യമാക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നു. കിഫ്ബിയുടെ ഭരണാനുമതി ഉറപ്പായതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളിലേക്ക് പ്രവേശിച്ചു. ഇതിനിടെ ഭൂമി വിട്ടു നല്‍കുന്നത് നഷ്ടക്കച്ചവടമാകും എന്ന പ്രചരണം വ്യാപകമായത് ചില ആശങ്കകള്‍ ഉണ്ടാക്കി. അക്കാര്യത്തിലും ജനകീയമായ ഇടപെടലുകള്‍ നടത്തി മറികടക്കാന്‍ കഴിഞ്ഞു.

2020 ഓഗസ്റ്റില്‍ ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച സന്ദര്‍ഭത്തിലാണ് മേല്‍പ്പാലത്തിനായി കണ്ടെത്തിയ ഭൂമിയുടെ ഇടയിലൂടെ സില്‍വര്‍ ലൈന്‍ കടന്നു പോകുമെന്ന പ്രശ്‌നം ഉണ്ടായത്. ഇതോടെ താല്‍ക്കാലികമായി മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. സില്‍വര്‍ലൈന്‍ ആശങ്കകള്‍ അവസാനിച്ചപ്പോള്‍ 2023 ഏപ്രില്‍ നാലിന് 9 (1) വിജ്ഞാപനം പുറപ്പെടുവിച്ച് അടുത്ത നടപടിയിലേക്ക് പ്രവേശിച്ചു. ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള മുഴുവന്‍ പണവും അക്കൗണ്ടിലേക്ക് കിഫ്ബി നിക്ഷേപിച്ചു.

എന്നാല്‍ ഇതിനു പിറകെയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും വലിയ ആശങ്ക ഉണ്ടാക്കി പ്രത്യേക കത്ത് വന്നത്. 2023 ഏപ്രില്‍ നാലിന് വന്ദേഭാരത് ഉദ്ഘാടനം നിര്‍വ്വഹിക്കാനായി വന്ന പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം സംസ്ഥാന സര്‍ക്കാരിന് ലഭിച്ച കത്തില്‍ പറഞ്ഞത്, ഇവിടെ നാലുവരി റെയില്‍പാതയായി മാറ്റുകയാണ് എന്നായിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വീണ്ടും പ്രതിസന്ധിയിലായി. പ്രധാനമന്ത്രി ഒരാഴ്ച കഴിഞ്ഞാണ് കേരളത്തില്‍ എത്തിയിരുന്നത് എങ്കില്‍ ഇന്ന് നമുക്ക് നെടുപുഴ റെയില്‍വേ മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കാമായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പും ധാരണയും ഇല്ല എന്ന് ബോധ്യമായതോടെ റെയില്‍വേ മേല്‍പ്പാലത്തിനുള്ള നടപടിയിലേക്ക് വീണ്ടും പ്രവേശിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ അലൈന്‍മെന്റ് ലഭിക്കുവാന്‍ ഉണ്ടായ താമസം വീണ്ടും പ്രശ്‌നമായി. അക്കാര്യത്തിലും വലിയ ഇടപെടല്‍ നടത്തേണ്ടിവന്നു.

അലൈന്‍മെന്റ് ലഭിച്ചശേഷം ഭൂമി വിട്ടു നല്‍കിയ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. 13 കോടി രൂപയ്ക്ക് അടുത്ത് വരുന്ന നഷ്ടപരിഹാരത്തുകയാണ് നെടുപുഴ റെയില്‍വേ മേല്‍പ്പാലത്തിന് വേണ്ടി ഇതിനകം വിതരണം ചെയ്തത്. ഡിസംബറില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഒരു മാസക്കാലയളവിനുള്ളില്‍ നിര്‍മാണ പ്രക്രിയകള്‍ ആരംഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

മേല്‍പ്പാലം പൂര്‍ത്തീകരിക്കുന്നതിനൊപ്പം നേരത്തേ കിഫ്ബി അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ബിഎംബിസി നിലവാരത്തിലുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നെടുപുഴയില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ആര്‍.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുള്‍ സലാം, എ.ഡി.എം ടി. മുരളി, തഹസ്സില്‍ദാര്‍ ടി.ജി. ബിന്ദു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാഹുല്‍നാഥ്, കെ. രവീന്ദ്രന്‍, സുനില്‍കുമാര്‍, സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *