Your Image Description Your Image Description

കോട്ടയം : വിളർച്ചമുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. സ്‌കൂൾ ലെവൽ വിവ ക്യാമ്പയിനിലൂടെ നടത്തിയ പരിശോധനയെത്തുടർന്ന് ഹീമോഗ്ലോബിൻ അളവ് വളരെ കൂടിയതിനാൽ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി.

ഹൃദയത്തിന് സാരമായ പ്രശ്‌നമുള്ള കുട്ടിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. മുഴുവൻ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കും ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ടീമിനും ചികിത്സ ഏകോപിപ്പിച്ച കോട്ടയം ജില്ലാ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

കഴിഞ്ഞ വർഷം ആരംഭിച്ച സ്‌കൂൾതല വിവ ക്യാമ്പയിനാണ് വഴിത്തിരിവായത്. വിളർച്ച കണ്ടെത്തുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും മതിയായ അവബോധവും ചികിത്സയും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന പാലയിലെ സ്‌കൂളിൽ ക്യാമ്പ് നടത്തിയപ്പോഴാണ് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയ്ക്ക് ഹീമോഗ്ലോബിൻ അളവ് ഉയർന്ന നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഹീമോഗ്ലോബിൻ അളവ് വളരെ കൂടുതലായാണ് കാണിച്ചത്.

വിവ പദ്ധതിയിൽ സ്‌ക്രീനിംഗ് വഴി കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് സ്ഥിരീകരണം നടത്തുന്നത് ലാബുകളിൽ രക്തപരിശോധന നടത്തിയാണ്. ലാബിൽ പരിശോധിച്ചപ്പോഴും ഹീമോഗ്ലോബിൻ അളവ് ഉയർന്നു തന്നെയായിരുന്നു. കുട്ടിയുടെ ഹൃദയത്തിന്റെ വാൽവിന് ചെറുപ്പത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ശ്രദ്ധിച്ചിലായിരുന്നു. കുട്ടിക്ക് വിദഗ്ദ്ധ ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി തുടർപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഹൃദയ വാൽവിന് ഗുരുതര പ്രശ്‌നമുണ്ടായതിനാൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *