Your Image Description Your Image Description

ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡിന്റെ 2024 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ മേഖലകളിലാണ് അവാർഡ്.

അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്- എൻ. പി. സി. രംജിത്, മലയാള മനോരമ (വൃന്ദാവനമാകും, ചിറക്കലിൽ കൃഷ്ണഗാഥ പിറന്ന മണ്ണ് എന്ന ഫീച്ചർ), ഇ. കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ് – എം. എസ്. രാഖേഷ് കൃഷ്ണൻ, മാതൃഭൂമി തൊഴിൽ വാർത്ത (കേന്ദ്ര സർവീസ് നിയമനക്കണക്കിലെ ഒളിച്ചുകളികൾ എന്ന സീരീസ്), ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് – മനോജ് കടമ്പാട്, മലയാള മനോരമ (അടിയന്തര പ്രമേയം എത്ര അടിയന്തരമാവണം? ഏക വ്യക്തിനിയമനത്തിനു വേണ്ടി സി.പി.എം നിയമസഭാ പോരാട്ടം: ഇന്ന് 38-ാം വാർഷികം, ആദ്യം ശങ്കിച്ചു, പിന്നെ കടുപ്പിച്ചു എന്നീ റിപ്പോർട്ടുകൾ) എന്നിവരും, ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്- ജി. പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ് (കരിമ്പനയുടെ ജാതകം എന്ന പ്രത്യേക പരിപാടി), കെ. ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്- ഷാഫിഖാൻ എസ്., ഏഷ്യാനെറ്റ് ന്യൂസ് (ടോപ്പ് ഗിയർ: സുജയുടെ ജീവിത യാത്രകൾ എന്ന ഫീച്ചർ) എന്നിവരും അർഹരായി.

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജേതാക്കൾക്കുള്ള പുരസ്കാര വിതരണം ഡിസംബർ 4 വൈകിട്ട് 3 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ എ.എൻ. ഷംസീർ നിർവ്വഹിക്കും.
കെ. ജയകുമാർ ചെയർമാനും എം. ജി. രാധാകൃഷ്ണൻ, ബാബു ജോസഫ്, ഡോ. മീന ടി. പിള്ള എന്നിവർ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *