Your Image Description Your Image Description
കൊച്ചി: അധ്യാപകര്‍ക്കായി ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന്റെ  സഹകരണത്തോടെ പ്രമുഖ അധ്യാപികയും സെന്റ്. തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. ലതാ നായര്‍, ‘ടീച്ചിങ് വിത്ത് പര്‍പ്പസ്’ എന്ന ഏകദിന നൈപുണ്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഭാവിയിലെ അധ്യാപകരെ വാര്‍ത്തെടുക്കുകയെന്ന ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഉദ്യമത്തിന്റെ ഭാഗമായുള്ള ശില്‍പ്പശാല ഡിസംബര്‍ 7-ന് വാരിയം റോഡിലുള്ള ലോട്ടസ് ക്ലബിലാണ് നടക്കുക. സ്‌കൂള്‍-കോളജ് അധ്യാപകര്‍ക്കും ബി.എഡ്, എം.എഡ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. അധ്യാപന രംഗത്തെ നവീന മാറ്റങ്ങള്‍, വിദ്യാര്‍ത്ഥികള്‍-സഹപ്രവര്‍ത്തകര്‍ എന്നിവരുമായി എങ്ങനെ ആരോഗ്യകരമായ ബന്ധം രൂപപ്പെടുത്താം, ഡിജിറ്റല്‍ അടിമത്തം  ഒഴിവാക്കുന്നതെങ്ങനെ, നിയമപരവും ധാര്‍മ്മികവുമായ അവബോധം, മികച്ച രീതിയില്‍ ആശയവിനിമയം എങ്ങനെ നടത്താം തുടങ്ങിയവയില്‍ മാര്‍ഗനിര്‍ദേശം ലഭിക്കും.
തൊഴില്‍ രംഗത്ത് കൃത്യമായ ലക്ഷ്യബോധം കണ്ടെത്തുന്നതിനും  ശാശ്വതമാറ്റം സൃഷ്ടിക്കുന്നതിനും അധ്യാപകരെ പ്രാപ്തമാക്കുന്നതിനുമാണ് ശില്‍പ്പശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. ലത നായര്‍ പറഞ്ഞു. നൂതന നൈപുണ്യ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് അധ്യാപകരെ മാറ്റത്തിന്റെ വക്താക്കളായി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെയിന്‍ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ, കേംബ്രിജ് ഇംഗ്ലീഷ് സ്‌കില്‍ കോഴ്സിന് 20 ശതമാനം ഡിസ്‌കൗണ്ട്, കേംബ്രിജിന്റെ ലിങ്കുവാ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്, ഡോ. ലത നായര്‍ നയിക്കുന്ന കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശനം എന്നിവ നേടാനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 93886 89299, 94973 33099 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *