Your Image Description Your Image Description

ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇസ്‌കോൺ (ISKCON) അംഗമായ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരി എന്ന കൃഷ്ണദാസ് പ്രഭുവിനെയാണ് ബം​ഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ധാക്ക വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസ് പ്രഭുവിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്നും രാജ്യ​ദ്രോഹ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൃഷ്ണ​ദാസ് പ്രഭുവിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വൻപ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ചിറ്റഗോങ്, ബരിസാൽ, ഖുൽന എന്നിവിടങ്ങളിലാണ് കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനങ്ങൾ നടന്നത്. ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫീസിന് മുന്നിൽ ഇസ്‌കോണിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.

കൃഷ്ണദാസ് പ്രഭു അവിടെ അറസ്റ്റിലായെന്ന വിവരം ഇന്ത്യയിലെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയും പങ്കുവെച്ചു. ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. സംഭവത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. വിഷയത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോട് ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *