Your Image Description Your Image Description

ന്യൂഡൽഹി: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ.സുരേന്ദ്രൻ രാജിസന്നദ്ധ അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്ത തള്ളി കേന്ദ്രനേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണത്താല്‍ ആരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാജി വെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. യു.ഡി.എഫും എല്‍.ഡി.എഫും വ്യാജപ്രചരണം നടത്തുന്നുവെന്നും 2026-ല്‍ ബി.ജെ.പി പാലക്കാട് അടക്കം നിരവധി സീറ്റുകളിൽ വിജയിക്കുമെന്നും ജാവഡേക്കർ പ്രതികരിച്ചു.

അതിനിടെ പാലക്കാട്ടെ തോല്‍വി ബി.ജെ.പി കൗണ്‍സിലര്‍മാരുടെ തലയില്‍വെക്കേണ്ടെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പ്രതികരിച്ചു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും ശിവരാജന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാന്‍ കാരണം ശോഭാ സുരേന്ദ്രന്‍ പക്ഷമാണെന്ന് സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം.

പരാജയത്തിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുരളീധരന്റെ പക്ഷവും ശ്രമിക്കുന്നതായി പാര്‍ട്ടിക്കകത്തുനിന്ന് പരാതി ഉയര്‍ന്നിരുന്നു. നഗരസഭയില്‍ ‘ശോഭാപക്ഷം’ ബി.ജെ.പിയെ സ്ഥാനാര്‍ഥിയായ കൃഷ്ണകുമാറിനെ തോല്‍പിച്ചു എന്നാണ് മുരളീധരന്റെ പക്ഷം ആവര്‍ത്തിക്കുന്നത്. പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായി ശോഭാപക്ഷവും ആരോപിച്ചു. കെ. സുരേന്ദ്രന് വി. മുരളീധരന്‍ സംരക്ഷണവലയം ഒരുക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

അതിനിടെ സുരേന്ദ്രന്റെ നിലപാടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. രാജി സന്നദ്ധത നാടകമാണെന്നും ‘അയ്യോ അച്ഛാ പോവല്ലേ’ എന്ന മട്ടിലാണെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. രാജി ഏതെങ്കിലും തരത്തില്‍ ‘അക്കൗണ്ടബിള്‍’ ആണെങ്കില്‍ അതിന് സുരേന്ദ്രന്‍ സധൈര്യം തയ്യാറാവണമെന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരെ പറ്റിക്കാനുള്ള സുരേന്ദ്രന്റെ മറ്റൊരു അടവ് മാത്രമായിട്ടാണ് രാജിസന്നദ്ധതയെ കാണുന്നത് എന്നും സന്ദീപ് പറഞ്ഞു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനോട് കേന്ദ്രത്തിന് ഒരു താല്‍പര്യവുമില്ല എന്നതാണ് വസ്തുതയെന്നും അവര്‍ക്ക് ആകെ താല്‍പര്യമുള്ളത് താന്‍ മനസ്സിലാക്കിയിടത്തോളം സുരേഷ്‌ഗോപിയോട് മാത്രമാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *