Your Image Description Your Image Description

ഇംഫാൽ: ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം കലാപത്തിലേക്ക് വഴിമാറിയ മണിപ്പൂരിൽ പ്രക്ഷോഭകൻ വെടിയേറ്റ് മരിച്ചു. ജിരിബാം ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവിടെ അഴിഞ്ഞാടുകയായിരുന്ന ആക്രമിസംഘത്തെ സുരക്ഷ സേന നേരിട്ടിരുന്നു. സുരക്ഷ സേനയുടെ ഭാഗത്തുനിന്നാണ് വെടിയുണ്ട പതിച്ചതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാബുപാറ എന്ന സ്ഥലത്ത് ആക്രമിസംഘം കെട്ടിടങ്ങളും മറ്റും കൊള്ളയടിക്കുന്നതിനിടെയാണ് സുരക്ഷ സേന എത്തിയത്. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമാണ്. ജിരിബാമിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഓഫിസുകൾ തകർത്തു. ഇവിടത്തെ സ്വതന്ത്ര എം.എൽ.എയുടെ വീടും ആക്രമിച്ചിട്ടുണ്ട്. കെട്ടിടത്തിൽനിന്ന് ഫർണിച്ചറും പേപ്പറുകളും പുറത്തേക്കെറിത്ത് ഒന്നിച്ച് തീയിട്ടു.

ജിരിബാമിൽ അഞ്ച് ക്രിസ്ത്യൻ പള്ളികളും ഒരു സ്കൂളും പെട്രോൾ പമ്പും 14 വീടുകളും എതിർ വിഭാഗക്കാർ കത്തിച്ചതായി കുക്കി-സോ സമിതിയായ ‘ഐ.ടി.എൽ.എഫ്’ ആരോപിച്ചു. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കെട്ടിടങ്ങൾക്ക് സുരക്ഷയൊരുക്കാൻ സുരക്ഷസേനക്കായില്ലെന്ന് അവർ കുറ്റപ്പെടുത്തി. സംഘർഷം തുടങ്ങിയതുമുതൽ സംസ്ഥാനത്ത് 360 ചർച്ചുകൾ തകർത്തതായും അവർ കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കുനേരെ വ്യാപക ആക്രമണമുണ്ടായ ഇംഫാൽ താഴ്വരയിൽ കർഫ്യൂവിനും ഇന്റർനെറ്റ് സർവിസ് റദ്ദാക്കലിനും പിന്നാലെ അക്രമത്തിന് ശമനമുണ്ട്. അതിനിടെ, കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചുപേരുടെ പോസ്റ്റുമോർട്ടം അസമിലെ സിൽചാറിലുള്ള സർക്കാർ ആശുപത്രിയിൽ പൂർത്തിയായി. നടപടി ക്രമങ്ങൾ പാലിച്ച് മൃതദേഹങ്ങൾ മണിപ്പൂരിലെത്തിച്ച് കുടുംബത്തിന് കൈമാറും. ആറാമത്തെയാൾ എന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹം അസമിലെ കാചാർ ജില്ലയിലെ ബരാക് നദിയിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തി.

പുതിയ സംഘർഷത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങി. മണിപ്പൂർ പൊലീസെടുത്ത കേസുകൾ എൻ.ഐ.എക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *