Your Image Description Your Image Description

പാലക്കാട് : ഉപതെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. ഉപതെരഞ്ഞെടുപ്പിൻ്റെ ചൂടും ചൂരും വോട്ടർമാരിലും അണികളിലും എത്തിക്കുവാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികൾ.മൂന്ന് മുന്നണികൾക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രസ്റ്റീജ് മത്സരമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്താണ് എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് പോയ സാഹചര്യം ഉണ്ടാവാതെ വിജയ തീരത്ത് എത്തുവാനുള്ള എല്ലാ ശ്രമവുമാണ് സി പി എം നടത്തുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മറ്റ് നേതാക്കളും കോൺഗ്രസിന് വേണ്ടി രംഗത്തുണ്ട്. കെ സുരേന്ദ്രൻ ബി ജെ പിക്കുവേണ്ടി പ്രചരണത്തിന് നേതൃത്വം നൽകുന്നു. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ത്ഥികളും.

വിവാദങ്ങള്‍, അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതു മുതല്‍ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങള്‍.

സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുല്‍മാങ്കൂട്ടത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന്‍. ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതില്‍ സരിനും സന്ദീപും ഒരുപോലെയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറയുന്നു.

മൂന്ന് സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരെ ഒരിക്കല്‍ കൂടി കാണാനുള്ള ഓട്ടപ്രദക്ഷണത്തിലാണ്.

ഞായറാഴ്ച ആയതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചും സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ഒരുമാസം നീണ്ട പ്രചാരണത്തിന്റെ ഊര്‍ജ്ജവും ആവേശവും നാളെ കലാശക്കൊട്ടിലും തെളിയും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പോലീസുരക്ഷയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *