Your Image Description Your Image Description

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കെ മുരളീധരന്‍. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തതെന്നും മുരളീധരൻ വ്യക്തമാക്കി. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണ്. രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണ്. അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു.

‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്’, കെ മുരളീധരന്‍ പറഞ്ഞു.

ഒരു നേതാവ് പാര്‍ട്ടി മാറുന്നതില്‍ അത്ഭുതമൊന്നുമില്ല. നാളെ സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസില്‍ വന്നാല്‍ അവരെ സ്വാഗതം ചെയ്യും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തില്‍ പതിവുള്ള ഏര്‍പ്പാടാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മുതല്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇനി പറയാം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു. പാലക്കാട് കോണ്‍ഗ്രസിന് 100 ശതമാനം വിജയം ഉറപ്പാണ്. പാലക്കാട് മണ്ഡലത്തെ വ്യക്തമായി പഠിച്ചയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യർ കോൺ​ഗ്രസിൽ വന്നത് നല്ല കാര്യമാണന്നും രണ്ടാഴ്ച മുമ്പ് വന്നാൽ പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമായിരുന്നുവെന്നും കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. അത് രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. സ്നേഹത്തിൻറെ കടയിലെ മെമ്പർഷിപ്പ് എപ്പോഴും നിലനിർത്തണം. വീണ്ടും വെറുപ്പിൻറെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്. ഗാന്ധിവധം സംബന്ധിച്ച പരാമർശം ബിജെപിക്ക് വേണ്ടി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഇനി അതിനെപ്പറ്റി ആലോചിക്കേണ്ടതില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞതും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *