Your Image Description Your Image Description

പാലക്കാട്: കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ നാളെ മുസ്ലീം ലീ​ഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ പാണക്കാട്ടെത്തുന്ന സന്ദീപ് വാര്യർ സാദിഖലി തങ്ങളെ കൂടാതെ യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങളുമായും ആശയവിനിമയം നടത്തും. കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ സ്വാഗതം ചെയ്തതിരുന്നു. വെൽക്കം ബ്രോ എന്ന ടാ​ഗ് ലൈനോടുകൂടിയായിരുന്നു സ്വാ​ഗതം ചെയ്തത്. ഇതിന് പിന്നാലെ സന്ദീപിനെ പാണക്കാടേക്ക് ക്ഷണിക്കുകയും ചെയ്തു.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിനായി ചരട് വലിച്ചത് എഐസിസിയായിരുന്നു. നേതൃത്വത്തിൻറെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പാലക്കാട്ടെ കരുനീക്കങ്ങൾ. ബിജെപിയുടെ ശക്തനായ വക്താവിനെ പാളയത്തിലെത്തിച്ചത് ദേശീയ തലത്തിലും കോൺഗ്രസ് ചർച്ചയാക്കും. സന്ദീപ് വാര്യരുമായി നടന്ന ചർച്ചകളിൽ തുടക്കം മുതൽ എഐസിസി നേതൃത്വം നേരിട്ട് തന്നെ ഇടപെട്ടു. ഓരോ ഘട്ടത്തിലെയും നീക്കങ്ങൾ കൃത്യമായി വിലയിരുത്തിയാണ് മുൻപോട്ട് പോയത്. സംസ്ഥാനത്തെ നേതാക്കൾക്ക് പുറമെ കേരളത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാൻ ചുമതലപ്പെടുത്തി. പാർട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളിൽ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നൽകിയതായാണ് വിവരം.

ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കത്തിൽ നിന്ന് പാലക്കാട്ടെ നേതാക്കളെ പൂർണ്ണമായും മാറ്റി നിർത്തിയിരുന്നു. അന്തിമഘട്ടത്തിൽ മാത്രം ഡിസിസി അധ്യക്ഷനോട് പോലും വിവരം നൽകിയാൽ മതിയെന്നായിരുന്നു നിർദ്ദേശം. കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് ബദലായി മറ്റ് രാഷ്ട്രീയ പാർട്ടികളിലെ മുഖങ്ങളെ കോൺഗ്രസിലെത്തിക്കാനുള്ള നിർദ്ദേശത്തിന് കേരളത്തിലെ ഈ നീക്കം ബലം പകരുന്നതാണ്. സംസ്ഥാന കോൺഗ്രസിൽ നിന്ന് പദ്മജ വേണുഗോപാലിനെ അടർത്തിയെടുത്ത ബിജെപിക്ക് മറുപടി നൽകിയെന്നും ആശ്വസിക്കാം. ഹരിയാന തെരഞ്ഞെടുപ്പ് വേളയിൽ ഫലം എതിരായിരുന്നെങ്കിലും ബിജെപി പാളയത്തിൽ നിന്ന് പ്രധാനികളായ പല നേതാക്കളെയും മറുകണ്ടം ചാടിക്കാൻ കഴിഞ്ഞിരുന്നു. മഹാരാഷ്ട്രയിലും സമാന നീക്കം കണ്ടു. ബിജെപി ദേശീയ നേതാക്കളുമായും, ആർഎസ്എസ് നേതാക്കളുമായും ഏറെ അടുപ്പം ഉണ്ടായിരുന്ന സന്ദീപ് വാര്യരെ പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ദേശീയ തലത്തിലും കോൺഗ്രസ് നേട്ടമായി ഉയർത്തിക്കാട്ടും.

Leave a Reply

Your email address will not be published. Required fields are marked *