Your Image Description Your Image Description

വാഷിം​ഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ തങ്ങളുടെ ഭാ​ഗത്ത് നിന്നും വധശ്രമം ഉണ്ടാകില്ലെന്ന് ഇറാന്റെ ഉറപ്പ്. ട്രംപിനെ വധിക്കാനുള്ള ഏതൊരു ശ്രമവും യുദ്ധമായി കണക്കാക്കുമെന്ന് സെപ്റ്റംബറിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇക്കാര്യത്തിൽ ജോ ബൈഡൻ ഭരണകൂടത്തിന് ഇറാൻ രേഖാമൂലം ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ട്രംപിനെ വധിക്കുക എന്നൊരു ലക്ഷ്യം തങ്ങൾക്കില്ലെന്നാണ് ഇറാൻ ഭരണകൂടം അമേരിക്കക്ക് നൽകിയിരിക്കുന്ന ഉറപ്പെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ, ഇറാനിയൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ശ്രമമായാണ് ഇറാൻ ഭരണകൂടത്തിൻ്റെ ഉറപ്പ് വിലയിരുത്തപ്പെടുന്നത്. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ഇറാൻ്റെ മുതിർന്ന സൈനിക കമാൻഡറായ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിൻ്റെ കീഴിലുള്ള ഖുദ്സ് ഫോഴ്സ് വിഭാ​ഗത്തിന്റെ കമാൻഡറായിരുന്നു ഖാസിം സുലൈമാനി. 2020 ജനുവരി 3-ന് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.

അതേസമയം, ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അന്താരാഷ്ട്ര നിയമ മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎന്നിലെ ഇറാൻ ദൗത്യസംഘം അറിയിച്ചു. ഈ വർഷം രണ്ട് വധശ്രമങ്ങളാണ് ട്രംപിന് നേരിടേണ്ടി വന്നത്. പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപിന് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു. വെടിയുണ്ട ചെവിയിൽ തട്ടിയതിനെ തുടർന്ന് ട്രംപിന് നേരിയ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഫർജാദ് ഷാക്കേരി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 51 കാരനായ ഇയാൾ ഇറാനിയൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ വാടക കൊലയാളിയാണെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *