Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നാലാം ലക്കത്തിന് ഇന്ന് കോട്ടയം താഴത്തങ്ങാടിയില്‍ തുടക്കമാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സിബിഎല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ഉച്ചതിരിഞ്ഞ് രണ്ട് മണി മുതലാണ് മത്സരങ്ങള്‍.

ഇക്കുറി ആറ് മത്സരങ്ങളാണ് സിബിഎല്ലിനുണ്ടാകുന്നത്. കൈനകരി (നവംബര്‍ 23), പാണ്ടനാട്-ചെങ്ങന്നൂര്‍ (നവംബര്‍ 30), കരുവാറ്റ (ഡിസംബര്‍ 7), കായംകുളം (ഡിസംബര്‍ 14) ഗ്രാന്‍ഡ് ഫിനാലെ (ഡിസംബര്‍ 21) കൊല്ലം പ്രസിഡന്‍റ് ട്രോഫി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക.

കേരളാ ടൂറിസത്തിന്‍റെ ആകര്‍ഷണങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒരിനമായി സിബിഎല്‍ കഴിഞ്ഞ മൂന്ന് ലക്കമായി മാറിക്കഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ സീസണ്‍ കഴിയുമ്പോഴും ക്ലബുകള്‍ സ്വായത്തമാക്കുന്ന പ്രൊഫഷണല്‍ രീതികള്‍ അത്ഭുതപ്പെടുത്തുന്നതാണ്. യോഗ്യതാ റൗണ്ടുകള്‍ കടന്ന് ഇക്കുറി പുതിയ ക്ലബുകളും ചുണ്ടന്‍വള്ളങ്ങളും സിബിഎല്ലിന് മാറ്റുരയ്ക്കുന്നുണ്ട്.

ടൂറിസം സീസണ്‍ സജീവമായ ഈ സമയത്ത് തന്നെ ആവേശകരമായ വള്ളം കളി മത്സരങ്ങള്‍ നേരിട്ട് കാണാന്‍ അവസരമൊരുങ്ങുന്നത് സഞ്ചാരികള്‍ക്കും അസുലഭ നിമിഷങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോസ് കെ മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ടൂറിസം സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, അഡി. ഡയറക്ടര്‍ (ജനറല്‍) പി വിഷ്ണുരാജ്, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ത്രിതല പഞ്ചായത്ത്-നഗരസഭ അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

ഓളപ്പരപ്പിലെ ഇതിഹാസമായ കാരിച്ചാലാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ തുഴവേഗത്തിന് കൂട്ട്. നെഹ്റുട്രോഫിയില്‍ വീരഗാഥകള്‍ രചിച്ച യുബിസി കൈനകരി ഇക്കുറി കന്നി സിബിഎല്ലില്‍ നീരണിയുന്ന തലവടി ചുണ്ടനിലാണ് മാറ്റുരയ്ക്കുന്നത്. മേല്‍പ്പാടം ചുണ്ടനില്‍ കുമരകം ബോട്ട് ക്ലബ് എത്തുമ്പോള്‍ ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാന്‍ജിയില്‍ തുഴഞ്ഞെത്തും. വില്ലേജ് ബോട്ട് ക്ലബ് കൈനകരി വീയപുരം ചുണ്ടനിലാണ് പയറ്റുന്നത്. മൈക്രോസെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് വിബിസിയ്ക്ക് ഇക്കുറി നെഹ്റു ട്രോഫി നഷ്ടമായത്. പള്ളാത്തുരുത്തിയുടെ കരുത്തില്‍ കഴിഞ്ഞ തവണ സിബിഎല്‍ കിരീടമണിഞ്ഞ ചുണ്ടനാണ് വീയപുരം. ആദ്യ സിബിഎല്‍ ജേതാവായ നടുഭാഗം ചുണ്ടനില്‍ ഇക്കുറി കുമരകം ടൗണ്‍ ബോട്ട് ക്ലബാണ് എത്തുന്നത്. സ്വന്തം ചുണ്ടനുമായി നിരണം ബോട്ട് ക്ലബും നെട്ടയത്തിലിറങ്ങും. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ് പായിപ്പാടിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളത്തിലും തുഴയെറിയും.

ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്‍റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *