Your Image Description Your Image Description

കണ്ണൂർ: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച രണ്ടു യുവതികളിൽ ഒരാളാണ് അഞ്ജലി. കെപിഎസി, കൊല്ലം അസീസി തുടങ്ങിയ നാടക സമിതികളിൽ കഴിവ് തെളിയിച്ച നല്ല ഒരു നടിയായിരുന്നു. നാടക നടനായ ഉല്ലാസുമായുള്ള വിവാഹത്തിനു ശേഷം മൂന്നു വർഷം മുൻപാണ് അഞ്ജലി ദേവ കമ്യൂണിക്കേഷനിൽ അഭിനയിക്കാൻ എത്തുന്നത്. ഒരു നാടകത്തലെ അഭിനയത്തിനു ശേഷം അടുത്ത നാടകത്തിനായി കണ്ണൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൂന്ന് വയസ് മാത്രമുള്ള കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചാണ് അഞ്ജലി പോയത്. അപകട വാർത്തയറിഞ്ഞ് അഞ്ജലിയുടെ ഭർത്താവും കുടുംബവും കണ്ണൂരിലേക്ക് തിരിച്ചിരിക്കുകയാണ്. കണ്ണൂർ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചത്.

നാടക നടനായ ഉല്ലാസുമായുള്ള വിവാ​ഹത്തിന് ശേഷമാണ് അഞ്ജലി കായംകുളത്ത് എത്തുന്നത്. കെപിഎസിയിലുൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഞ്ജലി മികച്ച നടിയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ജലി മികച്ച നടിയായിരുന്നുവെന്നും കുടുംബത്തിൻ്റെ അത്താണിയായിരുന്നുവെന്നും പഞ്ചായത്തം​ഗം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബ പശ്ചാത്തലമാണുള്ളത്. ഇതെല്ലാം മറച്ചുവെച്ചാണ് അഞ്ജലി അഭിനയിക്കുന്നതെന്നും പഞ്ചായത്തം​ഗം പറയുന്നു. ഒരു നാടകത്തിൽ അഭിനയിച്ച ശേഷം ഇന്നലെ ട്രെയിൻ മാർഗം കണ്ണൂരിലെത്തിയ അഞ്ജലി അവിടെ നിന്നും ബസ്സിലുള്ള യാത്രക്കിടെയാണ് അപകടത്തിൽ മരിക്കുന്നത്.

അതേസമയം, അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്. ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *