Your Image Description Your Image Description

കൊല്ലം : പരമ്പരാഗത കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദ്വീതിയ കൃഷിരീതികള്‍ക്ക് പ്രാധാന്യം നല്‍കി കര്‍ഷകര്‍ക്ക് വിപണിയും വരുമാനവും ഉറപ്പാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള ഉളിയക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിന് ഉപരി അവയുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുക അനിവാര്യമാണ്. ഇതിനായാണ് ‘കേരളഗ്രോ’ എന്ന പേരില്‍ ബ്രാന്‍ഡിങ് സംവിധാനം നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.

മികച്ച ഗുണമേ•യും യാതൊരു കലര്‍പ്പുമില്ലാത്ത ശുദ്ധമായ സാധനങ്ങള്‍ മിതമായ വിലയിലാണ് കേരളഗ്രോ ഉത്പ്പന്നങ്ങളായി എത്തുക. കൊല്ലം ജില്ലയിലെ ആദ്യത്തെ ഷോറൂമാണ് ഉളിയകോവില്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയാണ് തനതു കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കേരളഗ്രോ സ്റ്റോറിലെത്തുന്നത്.

നിലവില്‍ കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ 800ലധികം ഉത്പ്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡിലേക്ക് മാറിയിട്ടുണ്ട്. നൂറിലധികം ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണന സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ ഉത്പ്പന്നങ്ങള്‍ വിപണി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാമുകള്‍, എഫ്.പി.ഒകള്‍ എന്നിവരുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും ചെറുധാന്യ ഉത്പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരളഗ്രോ ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ശീതികരിച്ച ഷോറൂമുകള്‍ക്ക് 10 ലക്ഷം വീതം ചെലവിലാണ് നിര്‍മിക്കുന്നത്.എം.മുകേഷ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ് ആദ്യവില്‍പന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *