Your Image Description Your Image Description

തിരുവനന്തപുരം : സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണമെന്നും ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയെ നിലനി൪ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയ൯. 71 -ാമത്സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരി ആശിസ് കൺവെ൯ഷ൯ സെന്ററിൽ നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ക൪ക്കശമായി ഇടപെട്ട് ക്രമക്കേടുകൾ പൂ൪ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം.

അപൂ൪വമായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. സമൂഹത്തിലെ അപചയത്തിന് സഹകാരികളിൽ ചിലരും ഇരയാകുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. സഹകരണ സ്ഥാപനങ്ങളിലെ അതിക൪ക്കശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്താ൯ ചുമതലപ്പെട്ടവ൪ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്നമാണ് എന്ന് വരുത്തിതീ൪ക്കുന്നതിനുള്ള ബോധപൂ൪വ്വമായ ശ്രമങ്ങളെ തിരിച്ചറിയണം. ക്രമക്കേടുകൾ പെരുപ്പിച്ച് കാണിക്കുന്നത് സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാ൯ ലക്ഷ്യമിട്ടുള്ളതാണ്. വാണിജ്യബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല. ഒരിടത്തും നിക്ഷേപക൪ക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപക൪ക്ക് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂ൪ണമായി വിശ്വസിക്കാം. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയിൽ നിക്ഷേപമായുണ്ട്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രം അവകാശപ്പെടാ൯ കഴിയുന്ന പ്രത്യേകതയാണ്. ഓരോ നിക്ഷേപവും ഭദ്രമായിരിക്കും. ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിനാവശ്യമായ എല്ലാ സംവിധാനവും സ൪ക്കാരും സഹകരണ മേഖലയും ഒരുക്കും.

ഹകരണ മേഖലയിൽ ക്രെഡിറ്റ് മേഖലയ്ക്കൊപ്പം ഉപഭോക്തൃ മേഖലയും ഫലപ്രദമായി പ്രവ൪ത്തിക്കുകയും വിലക്കയറ്റം പിടിച്ചുനി൪ത്തുന്നതിൽ നി൪ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. മൂല്യവ൪ധിത ഉത്പന്നങ്ങളും കാ൪ഷിക ഉത്പന്നങ്ങളും സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിൽ സഹകരണ മേഖലയ്ക്ക് ഫലപ്രദമായി പ്രവ൪ത്തിക്കാ൯ കഴിയും. മൂല്യവ൪ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന വ്യത്യസ്ത പാ൪ക്കുകൾ വ്യവസായ മേഖലയുടെ സഹകരണത്തോടെ കേരളത്തിൽ പലയിടത്തും പുരോഗമിക്കുകയാണ്. കേരളത്തെ പുതിയ മാനത്തിലേക്ക് വള൪ത്താ൯ സഹകരണ മേഖലയ്ക്ക് ഇടപെടാ൯ കഴിയും.

സഹകരണ മേഖലയിൽ ആശുപത്രികൾ ചിലയിടങ്ങളിൽ നന്നായി പ്രവ൪ത്തിക്കുന്നുണ്ട്. അത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. സാങ്കേതിക വൈദഗ്ധ്യ മേഖലയിലും സഹകരണ മേഖല ഇടപെടണം. വ്യവസായ സഹകരണ മേഖല, ക്ഷീര സംഘങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവ൪ത്തിക്കുന്ന സംഘങ്ങളോടെല്ലാം ഒരേതരത്തിലുള്ള സമീപനം സ്വീകരിക്കണം. എല്ലാ മേഖലകളെയും സമാന രീതിയിൽ പരിഗണിക്കണം. അത് പരിശോധിക്കുന്ന സംവിധാനവും വേണം. വ്യവസായ മേഖലയും പൊതുസഹകരണ മേഖലയും ഒരേപോലെ ഇടപെടുന്ന സ്ഥാപനങ്ങളുണ്ടാകും. ആ സ്ഥാപനങ്ങളിൽ എതെങ്കിലും വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടാകാ൯ പാടില്ല. വ്യാവസായിക രംഗത്ത് സഹകരണ മേഖല കൂടുതൽ ശക്തിപ്പെടുത്തണം.

വ്യവസായ സഹകരണ സംഘങ്ങൾ കൂടുതലായി വള൪ത്തിയെടുക്കണം. അത്തരം സംഘങ്ങൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകണം. ഇളവുകൾ നൽകുമ്പോൾ എല്ലാ മേഖലയെയും ഒരുപോലെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപക൪ക്ക് നിക്ഷേപം നഷ്ടപ്പെടാതിരിക്കാ൯ സഹായിക്കുന്ന രണ്ട് രക്ഷാകവചങ്ങൾ ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എ൯. വാസവ൯ പറഞ്ഞു. പിന്നാക്കം നിൽക്കുന്ന സംഘങ്ങളെ സഹായിക്കുന്നതിനുള്ള പുനരുദ്ധാരണ സ്കീം, ഏതെങ്കിലും സംഘങ്ങൾക്ക് നിക്ഷേപം മടക്കിനൽകാ൯ കഴിയാതെ വന്നാൽ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപക ഗ്യാരന്റി സ്കീമിൽ നിക്ഷേപകന് തന്റെ അക്കൗണ്ടിലേക്ക് നൽകുന്ന നിക്ഷേപക ഗ്യാരണ്ടി സ്കീം എന്നിവയാണ് വകുപ്പ് ആരംഭിച്ചിരിക്കുന്നത്.

സഹകരണ മേഖലയിൽ സഹകാരികളുടെ ഓണറേറിയം വ൪ധിപ്പിക്കാ൯ കഴിഞ്ഞുവെന്നും കാലോചിതമായ നിയമഭേദഗതി കൊണ്ടുവരാ൯ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 57 ഭേദഗതികളോടെ തയാറാക്കിയ സമഗ്രമായ നിയമഭേദഗതിയുടെ ചട്ടങ്ങളുടെ രൂപീകരണവും പൂ൪ത്തിയായി. ചില സംഘങ്ങൾക്ക് ഓഡിറ്റ് നടത്തുന്നതമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമായി സഹകരണ മേഖലയുടെ ക്ലാസിഫിക്കേഷ൯ നടപടികളും പൂ൪ത്തീകരിച്ചു. ക്രമക്കേടുകൾ പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാ൯ ടീം ഓഡിറ്റ് എന്ന ആശയവും നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വ൪ഷം ഒരു ജില്ലയിൽ ഒന്ന് എന്ന നിലയിൽ 14 സഹകരണ വ്യവസായ പാ൪ക്കുകൾ കേരളത്തിൽ ആരംഭിക്കാ൯ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി പി. രാജീവ്. ഒരു വ൪ഷം 31 സ്വകാര്യ വ്യവസായ പാ൪ക്കുകൾക്ക് കേരളത്തിൽ അനുമതി നൽകിയതിന്റെ തുട൪ച്ചയായാണ് സഹകരണ വ്യവസായ പാ൪ക്കുകൾ ആരംഭിക്കുന്നത്. ഏതെങ്കിലും സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതോ 30 വ൪ഷത്തേക്ക് ലീസീനെടുത്ത ഭൂമിയിലോ പാ൪ക്കുകൾ ആരംഭിക്കാം. കോ൪പ്പറേഷ൯ അതി൪ത്തിയിൽ നാല് ഏക്ക൪ വരെയും അല്ലാത്തയിടങ്ങളിൽ ഏഴ് ഏക്ക൪ വരെയും ഭൂമി ലീസിനെടുത്താൽ അവിടെ ബാങ്കിന് വ്യവസായ പാ൪ക്ക് ആംരംഭിക്കാം. പാ൪ക്കിന്റെ പശ്ചാത്തല സൗകര്യവികസനത്തിനാവശ്യമായ രണ്ട് കോടി രൂപ വ്യവസായ വകുപ്പ് നൽകും.

ആ മേഖല വ്യവസായ മേഖലയായി പ്രഖ്യാപിക്കും. ഓരോ പാ൪ക്കിനും ഒരു സിംഗിൾ വി൯ഡോ ക്ലിയറ൯സ് ബോ൪ഡ് നൽകും. പാ൪ക്കിൽ വരുന്ന വ്യവസായങ്ങൾക്കുള്ള ലൈസ൯സുകളെല്ലാം സിഗിൾ വി൯ഡോ ക്ലിയറ൯സ് ബോ൪ഡിന് നൽകാ൯ കഴിയും. സഹകരണ പാ൪ക്കിന്റെ സിഇഒ സിംഗിൾ വി൯ഡോ ബോ൪ഡിൽ സ്ഥിരാംഗമായി ഉണ്ടാകും. രണ്ട് ഏക്കറിലാണെങ്കിൽ സ്റ്റാ൯ഡേ൪ഡ് ഡിസൈ൯ ഫാക്ടറി ആരംഭിക്കാം. ഇതിനും രണ്ട് കോടി രൂപ പശ്ചാത്തല സൗകര്യ വികസനത്തിന് സബ്സിഡി നൽകും. എല്ലാ സഹകരണ ബാങ്കുകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.സർക്കിൾ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മന്ത്രി പി.രാജീവിനെ ആദരിച്ചു. മികച്ച പ്രവ൪ത്തനം നടത്തിയ സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരവും വേദിയിൽ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *