Your Image Description Your Image Description

കൊച്ചി: കൊച്ചി നിവാസികളില്‍ 6.33 ശതമാനം പേര്‍ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി ലൂമിനസ് നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇതേ സമയം 41 ശതമാനം പേര്‍ക്കും ഇതേക്കുറിച്ചുള്ള അറിവ് പരിമിതമാണെന്നും സൂചിപ്പിക്കുന്നു. സൗരോര്‍ജ്ജ് പാനലുകള്‍ സ്ഥാപിക്കാനായി പ്രത്യേക കഴിവുകള്‍ ആവശ്യമാണെന്ന് 95.33 ശതമാനം പേര്‍ സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സൗരോര്‍ജ്ജ സംവിധാനങ്ങളെ കുറിച്ച് ലൂമിനസ് പവര്‍ ടെക്നോളജീസ് നടത്തിയ സര്‍വ്വേയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ഏറെ ജനകീയവും താങ്ങാനാവുന്നതുമാണെന്നാണ് കൊച്ചിയില്‍ നിന്നു സര്‍വ്വേയില്‍ പങ്കെടുത്ത 53.67 ശതമാനം പേരും അഭിപ്രായപ്പെട്ടത്. പുരപ്പുറ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് കൊച്ചിയിലുള്ളതെന്നും 78.67 ശതമാനം പേര്‍ കരുതുന്നു.

ഇന്ത്യയിലെ 13 പ്രമുഖ നഗരങ്ങളിലായി 4,318 പേരിലാണ് ഈ സര്‍വ്വേ നടത്തിയത്. ഈ മേഖലയിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലെന്നാണ് 42.33 ശതമാനം പേരും സൂചിപ്പിച്ചത്. അതേ സമയം 34.33 ശതമാനം പേര്‍ ഈ രംഗത്തിനായുള്ള പ്രത്യേക പരിശീലന പരിപാടികളുടെ അഭാവത്തെ കുറിച്ചും ചൂണ്ടിക്കാട്ടി. വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് ഒരു വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടത് 58 ശതമാനം പേരാണ്.

കൊച്ചിയില്‍ സൗരോര്‍ജ്ജ മേഖലയ്ക്ക് പിന്തുണ വര്‍ധിച്ചു വരുന്നത് ഏറെ പ്രോല്‍സാഹനജനകമാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ലൂമിനസ് പവര്‍ ടെക്നോളജീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രീതി ബജാജ് പറഞ്ഞു. സൗരോര്‍ജ്ജത്തിന്‍റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട വെല്ലുവിളികള്‍ കൂടി പരിഹരിക്കണമെന്നും പ്രീതി ബജാജ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *