Your Image Description Your Image Description

ചേലക്കര: കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎ നിലയും വിലയും ഇല്ലാത്തവനാണെന്നും ജാതി രാഷ്ട്രീയമാണ് പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “കുഴൽനാടന്റെ പ്രസ്താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്. ഇത്തരം തരംതാണ പ്രസ്താവനയിലൂടെ കുഴൽനാടൻ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു. ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ല. കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകും.” – ഗോവിന്ദൻ പറഞ്ഞു.

കെ.രാധാകൃഷ്ണനെ എംപി ആക്കിയതു വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായി, ആരും ചോദിക്കാനില്ല എന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെയായിരുന്നു മാത്യു കുഴൽനാടന്റെ പരാമർശം.

ഇഎംഎസ് മന്ത്രിസഭയിൽ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോൾ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാൽ പിണറായി രാജിവയ്ക്കേണ്ടി വന്നാൽ സിപിഎമ്മിൽ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ.രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു തന്നെ മാറ്റിനിർത്തിയതെന്നും പകരം ആ വിഭാഗത്തിൽ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്നു പറയാൻ പിണറായിക്ക് ധൈര്യമില്ലെന്നും കുഴൽനാടൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *