Your Image Description Your Image Description

തൃശൂർ : കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ചർച്ചയായി മാറുന്നത് സി.പി.ഐ.എമ്മിന് ഗുണമാകും. ഈ സാഹചര്യത്തിലാണ് കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനോട് പുനരന്വേഷണത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നും സി.പി.ഐ.എമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

പുനരന്വേഷണത്തിന് നിയമപരമായ സാധ്യതകൾ തേടാനും, വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാനുമാണ് സിപിഐഎം തീരുമാനം. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നും സിപിഎം വിലയിരുത്തുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതിശനെതിരെയും ഈ വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആഞ്ഞടിച്ചത് ഈ സാധ്യത മനസിലാക്കിയാണ്. “വിഡി സതീശൻ എടുക്കുന്ന നിലപാട് സിപിഐഎമ്മും ബിജെപിയും ഡീൽ ആണ് എന്നതാണ്. ഇത് ഇഡിയെ വെള്ള പൂശുന്ന നിലപാടാണ്.
വി ഡി സതീശനാണ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പുനരന്വേഷണം വേണം. എന്നാൽ സിബിഐ അന്വേഷണം എന്ന വാദത്തെ ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു. ബിജെപി എന്ത് തീരുമാനിക്കുന്നു അതുപോലെയാണ് സിബിഐ നടപ്പാക്കുകയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ഇതിനൊപ്പം വലിയ ഒരു രാഷ്ടീയ വിവാദത്തിൽ നിന്നും മെല്ലെ തലയൂരുകയാണ് സിപിഐ എം.
ഉപതെരഞ്ഞെടുപ്പുകൾക്കിടെ അപ്രതീക്ഷിതമായി കടന്നുവന്ന പി.പി. ദിവ്യ വിവാദത്തെ മറികടക്കാൻ സി.പി.ഐ.എമ്മിന് കഴിയുന്നുണ്ട്.

പി.പി. ദിവ്യക്കെതിരെ നിയമ പരമായ നടപടികൾ സീകരിക്കുന്നതിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ലന്നാണ് പാർട്ടി വിലയിരുത്തുന്നത്.ഈ വിഷയത്തിൽ രണ്ട് തട്ടിലെന്ന ആരോപണം മാറ്റുകയാണ് കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മറ്റികൾ . അന്വേഷണവും, ചർച്ചകളും എല്ലാം പി. പി.ദിവ്യയിൽ വരെ മാത്രം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഇതിനിടെ നവീൻ ബാബുവിന്റെ കുടുംബത്തിൽ നിന്ന് പൊട്ടിത്തെറികൾ ഒന്നു ഉണ്ടാവില്ലന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലുള്ള പരാതികളെ കോടതിയിലെ നിലപാടിലൂടെ മറികടക്കാൻ സർക്കാരിനും പാർട്ടിക്കും കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം കണ്ണൂർ ജില്ലാ കളക്ടർ ക്കെതിരെ നടപടി വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യവും പരിഗണിക്കും. ഇതോടെ ഉയർന്നു നിൽക്കുന്ന എതിർപ്പുകളുടെ മുനയൊടിക്കാമെന്ന് സിപിഐ എം കരുതുന്നു. ഇതിനൊപ്പം ചർച്ചകൾ വഴി തിരിച്ചു വിടാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

പി.പി. ദിവ്യ വിളിക്കാതെ ആണ് യോഗത്തിന് ചെന്നതെങ്കിൽ ആ യോഗം റിപ്പോർട്ട് ചെയ്ത പ്രാദേശിക മാധ്യമങ്ങളും ഇതേ കുറ്റം ചെയ്തവരാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ പ്രസ്താവന ലക്ഷ്യം വെക്കുന്നതും ഇതാണ്. “ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കണ്ണൂർ കളക്ടർക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ട്. എഡിഎമ്മിൻ്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.” ഇതിനൊപ്പം “പി പി ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്.” എന്ന ഉദയഭാനുവിന്റെ നിലപാട് ഈ വിവാദത്തിൽ പാർട്ടിയെ ചൂഴ്ന്ന് നിൽക്കുന്ന സമ്മർദത്തിന് അയവ് വരുത്തി.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടിക്ക് നിർബന്ധമുണ്ട്. അതിനാൽ കുടുംബത്തിന്റെ ആവശ്യങ്ങളിൽ അനുഭാവ പൂർണമായ നിലപാട് ഉറപ്പു വരുത്താനും , കോടതികളിൽ നിന് വിമർശനം ഉയരുന്നില്ലന്ന് ഉറപ്പ് വരുത്താനുമാണ് സർക്കാരും പാർട്ടിയും ഇപ്പോൾ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *