Your Image Description Your Image Description

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ നിങ്ങളുടെ പക്കൽ കെട്ടിടമുണ്ടോ? എങ്കിൽ ആ വിവരം നിങ്ങൾക്ക് നേരിട്ട് ബിവറേജസ് കോർപ്പറേഷനെ അറിയിക്കാം. ബിവറേജസ് കോർപറേഷൻ വെബ് സൈറ്റിൽ കെട്ടിട ഉടമകൾക്ക് നേരിട്ട് വാടകയ്ക്ക് നൽകാനുദ്ദേശിക്കുന്ന കെട്ടിടം സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിക്കും. ഔട്‌ലെറ്റ് തുടങ്ങാൻ കെട്ടിടം വാടകക്കെടുക്കുന്നതിൽ നിലവിലുള്ള നൂലാമാലകളും സാമ്പത്തിക ക്രമക്കേടുകളും ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

ബിവറേജസ് കോർപറേഷൻ വെബ് സൈറ്റിലെ ബെവ് സ്പേസ് എന്ന ലിങ്ക് വഴിയാണ് കെട്ടിടം സംബന്ധിച്ച വിവരങ്ങൾ കെട്ടിടം ഉടമയ്ക്ക് രജിസ്റ്റർ ചെയ്യാനാകുക. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കിൽ നൽകണം. ബെവ്കോ അധികൃതർ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കും. സ്ഥലം സന്ദർശിച്ച് വാടക തുക സംസാരിച്ച് നിശ്ചയിക്കും. ഇത് ധാരണയായാൽ കെട്ടിടത്തിൽ ബെവ്കോ ഔട്‌ലെറ്റ് തുറക്കും.

ബെവ്കോ ഔട്ട്ലെറ്റുകൾക്ക് കെട്ടിടങ്ങൾ വാടകക്കെടുക്കുന്നത് സംബന്ധിച്ച് സാമ്പത്തിക തിരിമറി ആരോപണങ്ങൾ പലപ്പോഴും ഉയരാറുണ്ട്. ഇതിന് പുറമേയാണ് ഇടനിലക്കാരുടെ ഇടപെടൽ. ഇടനിലക്കാരെയും വാടക കാരാറിൻറെ പേരിൽ നടക്കുന്ന സാമ്പത്തിക തിരിമറിയും പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. സ്വകാര്യ സ്ഥലത്ത് സൗകര്യമുള്ള കെട്ടിടങ്ങൾ ബെവ്കോക്ക് സ്വന്തം വെബ്സൈറ്റിൽ കയറി തെരഞ്ഞെടുക്കാനാവുമെന്നാണ് ഇതിൽ പ്രധാന നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഔട്‌ലെറ്റുകൾ വാടകക്കെടുക്കുന്ന കാര്യത്തിൽ കേന്ദ്രീകൃത സംവിധാനവും ബെവ്കോയ്ക്ക് കിട്ടും. നല്ല കെട്ടിടങ്ങൾ തെരഞ്ഞെടുത്ത് വൈകാതെ നടപടികൾ തുടങ്ങുമെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *