Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിന്റെ പുറത്തുപോയി എട്ടെടുത്ത് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ മലയാളികൾക്ക് കേരളത്തിൽ വന്നാൽ ഇനിമുതൽ എട്ടിന്റെ പണി. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ മലയാളികൾക്ക് ഇനി മേൽവിലാസം കേരളത്തിലേക്ക് മാറ്റണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിക്കണം. ഇവിടെ നിന്നും എളുപ്പത്തിൽ ലൈസൻസ് കിട്ടില്ല എന്ന് ഉറപ്പുള്ള പലരും കേരളത്തിന് പുറത്തുനിന്നും വളരെ എളുപ്പത്തിൽ ലൈസൻസ് എടുക്കാറുണ്ട്. ഇതേ തുടർന്നാണ് പുതിയ രീതി പ്രാബലത്തിൽ കൊണ്ടുവരുന്നത്

അടുത്തിടെ കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന രീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. ടെസ്റ്റ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേര്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തിരുന്നു. ഇതോടുകൂടിയാണ് കടുപ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ് തീരുമാനിച്ചത്. കേരളത്തില്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ ലൈസന്‍സ് ടെസ്റ്റ് പേരിന് മാത്രം നടത്തുന്ന കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില കേന്ദ്രങ്ങളിലേക്ക് മലയാളികള്‍ ഒഴുകിയെത്തിയിരുന്നു.

അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമെന്ന് ബോദ്ധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തീരുമാനമെടുക്കാം എന്നതാണ് പുതിയ രീതി. എന്നാല്‍ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് മോട്ടോര്‍ വാഹന നിയമപ്രകാകം ഒരേ മാനദണ്ഡമാണ്. എന്നാല്‍ കേരളത്തില്‍ കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നിയമം കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *