Your Image Description Your Image Description

കാസർഗോഡ് : കാസര്‍കോട് ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കാന്‍ ജില്ലാ നൈപുണ്യ വികസന സമിതി തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ മിഷന്‍ ശക്തി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളും നിയമ പരിജ്ഞാനവും ബോധവത്ക്കരണവും നല്‍കുന്നതാണിത്.

എന്‍.ജി.ഒകളുടെ സഹകരണത്തോടെ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നൈപുണ്യ വികസന സമിതി തീരുമാനിച്ചു. മഹിളാ മന്തിരത്തിലെ അന്തേവാസികള്‍ക്ക് ക്രാഫ്റ്റ് വര്‍ക്ക്, അച്ചാര്‍ നിര്‍മ്മാണം, പലഹാര നിര്‍മ്മാണം, ടൈലറിങ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. വിദ്യാര്‍ത്ഥിനികള്‍ക്ക് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജെന്‍സ്, ഫിസിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയ വിഷയങ്ങളില്‍ നൈപുണ്യ പരിശീലനം നല്‍കും.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലും വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജിലുമായി നടത്തിയ തൊഴില്‍ മേളകളില്‍ 56 ഉദ്യോഗദായകരും 1126 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. 316 പേര്‍ തൊഴില്‍ നേടുകയും 710 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇഈടം പിടിക്കുകയും ചെയ്തു. കുടുംബശ്രീ- കെ.കെ.ഇ.എം-ഡി.ഡി.യു.ജി.കെ.വൈ-സി.എ.ഡി സെര്‍ 326 ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ തൊഴില്‍ മേളയില്‍ 67 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 277 പേരെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. നോഡല്‍ ഐ.ടി.ഐ കാസര്‍കോട് വഴി എട്ട് തൊഴില്‍ സ്ഥാപനങ്ങളിലായി 108 പേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ച് 42 പേര്‍ക്ക് തൊഴില്‍ നല്‍കി.

ആര്‍എസ്ഇടിഐ കാസര്‍കോട് വിവിധ നൈപുണ്യ പരിശീലന കോഴ്സ് സംഘടിപ്പിച്ചു വരികയാണ്. 34 പേരെ പങ്കെടുപ്പിച്ച് കൊണ്ട് വനിതാ ടൈലറിംഗ് കോഴ്സ് നടത്തുകയും അതില്‍ 28 പേര്‍ സ്വയം തൊഴില്‍ കണ്ടെത്തുകയും ചെയ്തു. ബ്യുട്ടി പാര്‍ലര്‍ മാനേജ്മെന്റ് കോഴ്സ്,വസ്ത്ര ചിത്രകല, ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വീസിംഗ് ഓഫ് സിസിടിവി ക്യാമറ, സെക്യൂരിറ്റി അലാറം അന്‍ഡ് സ്മോക്ക് ഡിറ്റക്ടര്‍, ജനറല്‍ ഇഡിപി കോഴ്‌സുകളാണ് ഇവിടെ നല്‍കിയത്.

കൃഷി വകുപ്പ് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളെ കുറിച്ചുളള അറിവുകളും പ്രാപ്തി വികസന പരിശീലന പരിപാടികളും അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി മുഖാന്തിരം നടപ്പിലാക്കി വരുന്നു.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജില്ലാപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ എന്‍.ടി.ടി.എഫില്‍ 30 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും 28 പേര്‍ തൊഴില്‍ നേടുകയും ചെയ്തു. നിയമബിരുദധാരികളായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഇന്റെണ്‍ഷിപ്പ് നല്‍കുന്നതിനായി ജില്ലാ ഗവ. പ്ലീഡര്‍ ഓഫീസുമായി ബന്ധപ്പെട്ട് എട്ട് നിയമബിരുദധാരികള്‍ക്ക് ഇന്റെണ്‍ഷിപ്പ് പൂര്‍ത്തീകരിച്ച് വരികയാണ്.

സിവില്‍ എഞ്ചിനീയറിംഗില്‍ ഐടിഐ, ഡിപ്ലോമ, ഡിഗ്രി കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ പട്ടിവര്‍ഗ്ഗക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിങ്ങില്‍ അപ്രന്റീസ്ഷിപ്പ് പദ്ധതി പ്രകാരം ഐടിഐ യോഗ്യത നേടിയ ഏഴ് വിദ്യാര്‍ത്ഥികള്‍, ഡിപ്ലോമ യോഗ്യത നേടിയ രണ്ട് പേര്‍, ഡിഗ്രി യോഗ്യതയുള്ള ഒരാള്‍ എന്നിവര്‍ക്ക് സ്റ്റൈപ്പന്റ്് സ്വീകരിച്ച് അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ പ്രതീക് ജെയിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് ആമുഖ ഭാഷണം നടത്തി. സ്‌കില്‍ കോര്‍ഡിനേറ്റര്‍ എം.ജി. നിധിന്‍ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, സമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *