Your Image Description Your Image Description

ബംഗളൂരു: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് ഇന്ന് യാതൊരു കുറവുമില്ല. ഇതുപോലെ ഒരു വ്യാജ പ്രചാരണമാണ് ഇപ്പോൾ, കർണാടകയിലെ സി.എം.ആർ ഷോപ്പിങ് മാളിന്റെ ഒരു പരസ്യ ബോർഡി​ന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്നത്. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു പെൺകുട്ടികളെ കൂടെ കൊണ്ടുവരുന്ന മുസ്‍ലിം യുവാക്കൾക്ക് മാൾ 10% മുതൽ 50% വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുവെന്നാണ് വ്യാജ പ്രചരണം. സംഘ്പരിവാർ അനുകുല അക്കൗണ്ടുകളിൽ നിന്നാണ് ഈ പ്രചാരണം വന്നുകൊണ്ടിരിക്കുന്നത്.

2019 ജൂൺ 3ന് ഷെഫാലി വൈദ്യ എന്ന അക്കൗണ്ട് ഈ പരസ്യ ബോർഡ് പോസ്റ്റ് ചെയ്തിരുന്നു. പരസ്യ ചിത്രത്തിൽ ഹിന്ദു സ്ത്രീയെ കാണിച്ചു എന്നാരോപിച്ചായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതിൽ ‘ഡിസ്കൗണ്ട് ജിഹാദ്’ പരാമർശിച്ചിരുന്നില്ല. എന്നാൽ, ഈയടുത്താണ് അതിലെ ​വാക്കുകൾ എഡിറ്റ് ചെയ്ത്‘ഹിന്ദു പെൺകുട്ടികളെ കൂടെ കൊണ്ടുവരുന്ന മുസ്‍ലിം യുവാക്കൾക്ക് മാൾ 10% മുതൽ 50% വരെ ഡിസ്കൗണ്ട്’ എന്ന് കൂട്ടിച്ചേർത്തത്​.

റമദാനിൽ 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് നൽകുമെന്ന പരസ്യബോർഡാണ് വ്യാജപ്രചാരണത്തിന് കരുവാക്കിയത്. മേയ് 20 മുതൽ ജൂൺ അഞ്ച് വരെ ഇളവ് ലഭിക്കുമെന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. ഹിന്ദു, മുസ്‍ലിം പരാമർശമൊന്നും ഇതിലുണ്ടായിരുന്നില്ല. സെക്കന്തരാബാദിലുള്ള സി.എം.ആർ. ഷോപ്പിങ് മാൾ 2019-ൽ റമദാന്‍ സമയത്ത് സ്ഥാപിച്ച പരസ്യ ബോർഡാണിത്.

2019 ൽ പരസ്യമോഡലായി ഹിന്ദു യുവതിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ തീവ്ര ഹിന്ദുത്വവാദികൾ പ്രതിഷേധം ഉയർത്തിയിരുന്നു. അന്ന് മെയ് 31ന് ഫേസ്ബുക്ക് പേജിൽ സി.എം.ആർ ഷോപ്പിങ് മാൾ വിശദീകരണവുമായി വരുകയും ചെയ്തിരുന്നു. ഏതെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താനോ ചേരിതിരിവ് സൃഷ്ടിക്കാനോ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും എല്ലാ മതങ്ങളെയും ഒരുപോലെ പിന്തുണയ്ക്കുകയും പക്ഷപാതമില്ലാതെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവർ കുറിപ്പിൽ പറഞ്ഞു. എല്ലാ ഹോർഡിംഗുകളും നീക്കം ചെയ്യുന്നുവെന്നും ക്ഷമാപണം നടത്തുന്ന കുറിപ്പിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *