Your Image Description Your Image Description

എഐയുടെ വരവോടെ മനുഷ്യരെ ഉപയോ​ഗിക്കാതെയും ജോലികൾ ചെയ്യാമെന്ന അവസ്ഥയായി. വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിലെ നൂറുകണക്കിന് ജോലിക്കാർക്ക് തങ്ങളുടെ ജോലി നഷ്ടമായി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോകളുടെ കണ്ട​ന്റ് മോഡറേഷൻസിനു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ടൂളുകൾ കൂടുതലായി ഉപയോ​ഗിക്കുന്നതി​ന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. മലേഷ്യയിലെ തൊഴിലാളികൾക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. ആഗോളതലത്തില്‍ നൂറുകണക്കിന് തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിടുന്നത്. മലേഷ്യയില്‍ മാത്രം 700 പേരെ പിരിച്ചുവിടുന്നതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ 500ല്‍ താഴെ തൊഴിലാളികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക എന്നാണ് ടിക്‌ടോക്കിന്‍റെ ഉടമസ്ഥരായ ബൈറ്റ്‌ഡാന്‍സിന്‍റെ വിശദീകരണം.

ടിക്‌ടോക്കിന്‍റെ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. പിരിച്ചുവിടുന്നതായുള്ള ഇമെയില്‍ സന്ദേശം ഇവര്‍ക്ക് ബുധനാഴ്‌ച ലഭിച്ചു. കണ്ടന്‍റ് മോഡറേഷനില്‍ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ടിക്‌ടോക്. തൊഴിലാളികളും എഐ സംവിധാനവും ചേര്‍ന്നാണ് ടിക്‌ടോക്കിന്‍റെ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷന്‍ നിര്‍വഹിക്കുന്നത്. ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ഇത്തരത്തില്‍ റിവ്യൂ ചെയ്യും. ഇനി മുതല്‍ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷന്‍സിന് എഐ ടൂളുകളെ കൂടുതലായി ആശ്രയിക്കാനാണ് ടിക് ടോക്കിന്‍റെ തീരുമാനം.

ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സിന് ആ​ഗോള തലത്തിൽ 200ലധികം ന​ഗരങ്ങളിലായി 110,000 ജോലിക്കാരാണുള്ളത്. കണ്ടന്‍റ് മോഡറേഷനായി ഒരു ആഗോള പ്രവര്‍ത്തന മോഡല്‍ സാധ്യമാക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയിലെ ജോലി ഘടനയില്‍ മാറ്റം വരുത്തുന്നത് എന്നാണ് ടിക്‌ടോക് വക്താവിന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *