Your Image Description Your Image Description

സ്കൂളിൽ കുട്ടികൾ നന്നായി പഠിക്കാനും മാർക്ക് വാങ്ങാനും പലതരം മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. രസകരമായ കളികളിലൂടെയും ചെറിയ മത്സര ബുദ്ധിയോടെയുമൊക്കെ കുട്ടികളെ മികച്ച രീതിയിൽ പഠിപ്പിച്ചെടുക്കാൻ അതിലൂടെ സാധ്യമാകുന്നു. എന്നാൽ കേൾക്കുമ്പോൾ തന്നെ ക്രൂരമെന്ന് തോന്നുന്ന ഒരു പഠിപ്പിക്കൽ രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാലിഫോർണിയയിലെ ഒരു അധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥികളില്‍ ക്ലാസ് സമയത്ത് ബാത്ത്റൂം ബ്രേക്ക് എടുക്കാത്ത വിദ്യാർത്ഥികൾക്ക് അധികമാർക്ക് നൽകിയെന്ന ആരോപണം നേരിടുകയാണ്. വിദ്യാർത്ഥികളോട് അധ്യാപകന്‍ വിവേചനപരമായ പെരുമാറിയെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

ആഴ്ചയിൽ ഒരു ബാത്ത്റൂം പാസ് മാത്രമേ ലഭിക്കൂവെന്ന ഒരു ക്രൂരമായ നിയമം തന്‍റെ മകളുടെ കണക്ക് ടീച്ചർ കുട്ടികൾക്കായി വെച്ചിട്ടുണ്ടെന്നാണ് സമൂഹ മാധ്യമ കുറിപ്പിലൂടെ ഒരു രക്ഷിതാവാണ് പറഞ്ഞപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ഈ പാസ് ഉപയോഗിക്കാത്തവർക്ക് അധ്യാപകൻ അധിക മാർക്ക് നൽകുമെന്നും ആ കുറിപ്പില്‍ പറയുന്നു. സെപ്തംബർ 5 ന് എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റ് ഇതിനകം 16 ദശലക്ഷം കാഴ്ചക്കാരെ നേടി. സംഭവം സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചു.

സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് നിരവധി രക്ഷിതാക്കളാണ് പിന്നാലെ സമൂഹ മാധ്യമ പോസ്റ്റിനോട് പ്രതികരിച്ചത്. കുട്ടികളെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന അധ്യാപകന്‍റെ ക്രൂരമായ നിലപാടിനെതിരെ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും കർശനമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം. ഓരോ സ്കൂളുകളിലും കുട്ടികള്‍ക്കെതിരെ ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ക്രൂരമായ പല നടപടികളും ഉണ്ടെന്നും അവയെല്ലാം വെളിച്ചത്ത് വരണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

മറ്റൊരു സംഭവത്തിൽ വത്വയിലെ മാധവ് പബ്ലിക് സ്കൂളിലെ അഹമ്മദാബാദ് മഠം അധ്യാപകൻ അഭിഷേക് പട്ടേൽ ഒരു വിദ്യാർത്ഥിയെ ചുമരിൽ ഇടിപ്പിക്കുകയും മുടി വലിക്കുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏതാനും ദിവസങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവിനെ തുടർന്ന് ഒടുവിൽ ഈ അധ്യാപകനെ സ്‌കൂൾ സസ്‌പെൻഡ് ചെയ്യുകയും വത്വ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ വർദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *