Your Image Description Your Image Description

തിരുവനന്തപുരം: പൂവച്ചൽ സ്വദേശിയായ 15 വയസ്സുകാരൻ ആദി ശേഖറിനെ കാറിടിപ്പിച്ച് കൊന്ന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിനാണ് 15 കാരനെ കാറിടിപ്പിച്ച് കൊന്നത്. ഇതുവരെ അന്വേഷണം പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പി യുടെ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവ്വം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദി ശേഖറിന്‍റെ മരണം വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകമൂലം ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവ്വം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 11 ന് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാമെന്ന് ഡി.വൈ.എസ്. പി കമ്മീഷനെ അറിയിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദി ശേഖര്‍. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *