Your Image Description Your Image Description

ചെന്നൈ: അശോക് ന​ഗറിലെ സ്കൂളുകളിൽ കപടശാസ്ത്ര പ്രഭാഷണംനടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന മഹാവിഷ്ണു ഒരുമാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി. പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ പ്രഭാഷകനുമാണ് മഹാവിഷ്ണു. ഇദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജയിലിനുപുറത്ത് അനുയായികൾ പുഷ്പവൃഷ്ടിനടത്തിയാണ് സ്വീകരിച്ചത്.

സെപ്റ്റംബർ ഏഴിന് അറസ്റ്റിലായ ആത്മീയപ്രഭാഷകന് ചെന്നൈ സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യമനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയത് ശനിയാഴ്ചയാണ്. ചെന്നൈ അശോക് നഗറിലെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും സെയ്ദാപ്പേട്ട് മോഡൽ ഹയർസെക്കൻഡറി സ്കൂളിലുമാണ് മഹാവിഷ്ണു പ്രഭാഷണംനടത്തിയത്.

മന്ത്രോച്ചാരണംകൊണ്ട് രോഗം മാറ്റാമെന്നും അഗ്നിജ്വലിപ്പിക്കാമെന്നും പ്രഭാഷണങ്ങളിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയും മുജ്ജന്മപാപങ്ങളുടെ ഫലമായാണ് ചിലർക്ക് അംഗവൈകല്യമുണ്ടാകുന്നത് എന്നും പറയുകയും ഇതിനെ ചോദ്യംചെയ്ത കാഴ്ചപരിമിതിയുള്ള അധ്യാപകനുമായി തർക്കിക്കുകയുംചെയ്തു.

പ്രഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പരാതികൾ ഉയർന്നപ്പോഴാണ് പോലീസ് കേസെടുത്തത്. ഈ സമയം ഓസ്‌ട്രേലിയയിലായിരുന്ന മഹാവിഷ്ണു അവിടെനിന്ന് വിമാനമിറങ്ങിയ ഉടനെയാണ് ചെന്നൈ വിമാനത്താവളത്തിൽവെച്ച് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഈ പ്രഭാഷണ വിവാദത്തെത്തുടർന്ന് സ്കൂളുകളിലെ പ്രഭാഷണപരിപാടികൾക്ക് സംസ്ഥാനസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *