Your Image Description Your Image Description

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായി. ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തത്. മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൽ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തിൽനിന്ന് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. തങ്ങൾ ഒരു കുടുംബമാണെന്നും കുടുംബത്തിൽ ചെറിയ പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു.

ഇനി മനാഫ് അർജുൻ്റെ കുടുംബത്തിനൊപ്പമുണ്ടാകും. ജിതിൻ ഉൾപ്പെടെ അർജുൻ്റെ കുടുംബവും മനാഫിനെയും ചേർത്തു നിർത്തും. ജിതിനെ കാണാൻ മനാഫെത്തിയതോടെയാണ് തെറ്റിദ്ധാരണകൾ നീങ്ങിയത്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചതോടെ മലയാളികൾക്കും ആശ്വാസം. പറയാനുദ്ദേശിച്ചത് വാർത്താ സമ്മേളനത്തിൽ പൂർത്തിയാക്കാനായില്ലെന്നും വർഗീയവാദിയാക്കിയതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു.

ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി അർജുൻറെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അർജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുൻറെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് നിരുപാധികം മാപ്പുപറഞ്ഞു. അർജുൻറെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *