Your Image Description Your Image Description

മുസ്തഫ രാജിനെ വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നത് അത്ര സുഖകരമായ അനുഭവങ്ങളായിരുന്നില്ലെന്ന് നടി പ്രിയാമണി. കുടുംബത്തിന്റെ സമ്മതത്തോടെയുള്ള വിവാ​ഹ നിശ്ചയത്തിന്റെ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വെറുപ്പുളവാക്കുന്ന കമന്റുകളാണ് നേരിടേണ്ടി വന്നതെന്നും താരം പറയുന്നു. നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകും എന്നുവരെ പലരും കമന്റ് ചെയ്തിരുന്നെന്നും നടി തുറന്നു പറഞ്ഞു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് മുസ്തഫ രാജുമായുള്ള ബന്ധത്തിന്റെ പേരിൽ സൈബർ ലോകത്ത് നേരിട്ട ​ദുരനുഭവങ്ങൾ പ്രിയാമണി വെളിപ്പെടുത്തിയത്.

കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ ഏറെ ആവേശമായിരുന്നുവെന്ന് പ്രിയാമണി വെളിപ്പെടുത്തി. എന്നാൽ മുസ്തഫയുമായുള്ള വിവാഹത്തിന്റെ വിവരം പങ്കുവെച്ചതോടെ വെറുപ്പുളവാകുന്ന കമന്റുകൾ മാത്രമായിരുന്നു. ‘നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകും’ തുടങ്ങിയ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത്. ഇതെല്ലാം മനസ് മടുപ്പിക്കുന്നതായിരുന്നുവെന്നും താരം പറയുന്നു.

ഇവർ എന്തിനാണ് ഇതരമതവിഭാഗങ്ങളിൽപ്പെട്ട ദമ്പതിമാരെ മാത്രം ലക്ഷ്യമിടുന്നതെന്നും പ്രിയാമണി ചോദിക്കുന്നു. പല മുൻനിര താരങ്ങളും അവരുടെ മതങ്ങൾക്കതീതമായി വിവാഹം കഴിച്ചിട്ടുണ്ട്. അവർ ആ മതം സ്വീകരിക്കണമെന്നോ അത് ഉൾക്കൊള്ളണമെന്നോ നിർബന്ധമില്ല. അവർ മതമൊന്നും നോക്കാതെയാണ് പരസ്പരം പ്രണയത്തിലായത്. പിന്നെ എന്തിനാണ് ചുറ്റിലും ഇത്രയേറെ വെറുപ്പ് സൃഷ്ടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പ്രിയാമണി പറഞ്ഞു.

അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെച്ചൊല്ലിയുണ്ടായ വിവാദങ്ങളിലും നടി പ്രതികരിച്ചു. ഈദിന് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് പലരും താൻ മുസ്ലീം മതം സ്വീകരിച്ചെന്ന് കമന്റ് ചെയ്തു. താൻ മതം മാറിയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. അത് തന്റെ തീരുമാനമാണ്. വിവാഹത്തിന് മുൻപ് തന്നെ താൻ മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. താൻ ഒരു ഹിന്ദുവായി ജനിച്ചയാളാണെന്നും എല്ലായ്‌പ്പോഴും തന്റെ വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി വ്യക്തമാക്കി.

ഈദിന് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായ സാഹചര്യത്തിൽ എന്തുകൊണ്ടാണ് നവരാത്രിക്ക് താൻ ഒന്നും പോസ്റ്റ് ചെയ്യാതിരുന്നതെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. അതിന് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ല. ഇത്തരം നെഗറ്റീവിറ്റിക്ക് ഇപ്പോൾ ശ്രദ്ധകൊടുക്കാറില്ലെന്നും നടി പറഞ്ഞു.

നടി പ്രിയാ മണിയും ഇവന്റ് മാനേജരായ മുസ്തഫ രാജും 2017-ലാണ് വിവാഹിതരായത്. ബെംഗളൂരുവിൽവെച്ചായിരുന്നു വിവാ​​ഹം. മതപരമായ ചടങ്ങുകളില്ലാതെ വിവാ​ഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐ.പി.എൽ. ടൂർണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. പിന്നാലെ ഒരു ടി.വി. റിയാലിറ്റി ഷോയുടെ ഫൈനൽ മത്സരത്തിനിടെ മുസ്തഫ പ്രിയാമണിയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *