ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേർ മരിച്ചു. നിലമേൽ പ്ലാച്ചിയോട് സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ സജി മോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ ഒരു റെസ്റ്റോറന്റിൽ നിന്ന് മീൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ച അഞ്ചംഗ സംഘത്തിന് മടങ്ങും വഴിയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ചർദ്ദിയും അസ്വസ്ഥതയും വർധിച്ചതിനെ തുടർന്ന് ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഷാജിയുടെ ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു. മരിച്ച ഷാജിക്ക് നേരത്തെ തന്നെ അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
അലർജിയാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് വിഴിഞ്ഞത്തെ ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ വിശദമായ പരിശോധന നടത്തും.
