തിരുവനന്തപുരം: സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നും ഭക്ഷ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിൻറെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശൻറെ ഇടപെടലിനെ തുടർന്നാണ് നടപടി. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ, 20 കോടി ആദ്യം ലഭിച്ചിരുന്നു. തുക ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.
