Home » Blog » Kerala » സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഇനി ഏകീകൃത വില; പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍
17

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി 18 കാരറ്റ് സ്വര്‍ണത്തിനും ഏകീകൃത വില നടപ്പിലാക്കുന്നു. ഇതുവരെ വിവിധ ജൂവലറികള്‍ വ്യത്യസ്ത നിരക്കുകളിലായിരുന്നു 18 കാരറ്റ് സ്വര്‍ണം വിറ്റിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തുടനീളം ഒരേ വില നിലവാരം ഉറപ്പാക്കാന്‍ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ പ്രമുഖ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും ആശ്വാസവും ലഭിക്കും.

സ്വര്‍ണ വില അനുദിനം കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കും യുവതലമുറയ്ക്കും ഇടയില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രിയമേറിവരികയാണ്. 22 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് വിലക്കുറവും ആകര്‍ഷകമായ ഡിസൈനുകളും ലഭ്യമാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. വിവാഹാവശ്യങ്ങള്‍ക്കും ദിനംപ്രതി ധരിക്കാനുമുള്ള ലൈറ്റ്വെയ്റ്റ് ആഭരണങ്ങള്‍ക്കും 18 കാരറ്റിലാണ് ഇപ്പോള്‍ വന്‍ ആവശ്യക്കാരുള്ളത്. 22 കാരറ്റ് സ്വര്‍ണത്തില്‍ 91.6 ശതമാനം പരിശുദ്ധി ഉള്ളപ്പോള്‍ 18 കാരറ്റില്‍ 75 ശതമാനമാണ് പരിശുദ്ധി ലഭിക്കുന്നത്.

ടി.എസ് കല്യാണരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വ്യാപാര മേഖല ഒന്നടങ്കം ഈ നിര്‍ണായക തീരുമാനമെടുത്തത്. ഡോ. ബി. ഗോവിന്ദന്‍, കെ. സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍, എം.പി അഹമ്മദ്, എ.കെ നിഷാദ്, ഒ. അഷര്‍, ഷാജു ചിറയത്ത് തുടങ്ങി കേരളത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാരി സംഘടനാ പ്രതിനിധികളും വ്യാപാരികളും യോഗത്തില്‍ പങ്കെടുത്തു. അനാവശ്യ വില വ്യത്യാസങ്ങള്‍ ഒഴിവാകുന്നതോടെ ചെറുകിട-വന്‍കിട ജൂവലറികളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഒരേ നിരക്കില്‍ ഇനി ആഭരണങ്ങള്‍ സ്വന്തമാക്കാം.