Your Image Description Your Image Description
മലപ്പുറം: മുഹമ്മദ് ഷംലിക്കിന്റെ ആവശ്യത്തിന് ഉടൻ പരിഹാരം കണ്ട് മന്ത്രി എം ബി രാജേഷ്. 90 ശതമാനം ഭിന്നശേഷിയുള്ള ഷംലിക്ക് പേടി കൂടാതെ സഞ്ചരിക്കാൻ വഴി വേണമെന്ന ആവശ്യവുമായാണ് മന്ത്രിയുടെ മുന്നിലെത്തിയത്.
തിരൂരങ്ങാടി നഗരസഭയിലെ പൂനിലത്ത്പാടത്താണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ ഷംലിക്കിന്റെ വീട്. വീടിന് മുന്നിലുള്ള തോടിന് കുറുകെയുള്ള മരപ്പാലത്തിലൂടെ സഞ്ചരിച്ചുവേണം ഷംലിക്കിന് സ്കൂളിലേക്കും ആശുപത്രിയിലേക്കും പോകാൻ. തോടിന് സമീപത്തിലൂടെയും വീതി കുറഞ്ഞ വഴിയാണ് വീട്ടിലേക്കുള്ളത്.
നടക്കാൻ കഴിയാത്ത ഷംലിക്കിനെ പിതാവ് എടുത്താണ് സ്കൂളിൽ എത്തിച്ചിരുന്നത്. മഴക്കാലത്ത് ഉൾപ്പെടെ ഇതിലൂടെയുള്ള യാത്ര ഏറെ പ്രയാസകരമാണ്. ഷംലിക്കിന്റേത് ഉൾപ്പെടെ 25 വീടുകളും 50 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയും ഇവിടെയുണ്ട്. ഈ വഴിയിലൂടെ നടന്നുപോകാൻ തന്നെ പ്രയാസമായതിനാൽ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഷംലിക്ക് മന്ത്രിക്ക് പരാതി നൽകിയത്.
മന്ത്രി സദസ്സിൽ നിന്ന് ഇറങ്ങി പരാതി കേൾക്കാൻ ഷംലിക്കിന്റെ അടുത്തെത്തി. പരാതി പരിശോധിച്ച മന്ത്രി നഗരസഭ സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറുമായും എം എൽ എയുമായും നേരിൽ സംസാരിച്ചു. നഗരസഭാ ചെയർമാനുമായി ഫോണിൽ സംസാരിച്ച് ഒരു വർഷത്തിനകം പാലവും വഴിയും ഒരുക്കിനൽകാൻ നിർദേശിച്ചു. ആവശ്യമെങ്കിൽ എം എൽ എ ഫണ്ടിൽ നിന്നുള്ള സഹായവും സ്പോൺസർഷിപ്പും തേടാം. എത്രയും പെട്ടന്ന് പദ്ധതി ഏറ്റെടുത്ത്, പദ്ധതി നടപ്പിലാക്കുമെന്ന് നഗരസഭാ അധ്യക്ഷൻ മന്ത്രിക്ക് ഉറപ്പുനൽകി. 30 ലക്ഷത്തോളം രൂപയുടെ പ്രവൃത്തിയാണ് നിലവിൽ കണക്കാക്കുന്നത്.
തന്റെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനൊപ്പം നാടിനാകെ ഗുണകരമായ വഴിയും പാലവും ഉറപ്പാക്കാനായ സന്തോഷത്തിലാണ് മുഹമ്മദ് ഷംലിക്കും കുടുംബവും തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *