Your Image Description Your Image Description

ഷിരൂർ: ബുധനാഴ്ച രാവിലെ മുതൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോ​ഗസ്ഥരും നടത്തിയ തിരച്ചിലിലും അർജുനെയോ ലോറിയോ കണ്ടെത്താനായില്ല. അഞ്ച് മണിക്കൂറോളമാണ് സംഘം തിരച്ചിൽ നടത്തിയത്. പുഴയിൽ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങൽ വിദ​ഗ്ധർക്ക് തടസമാകുന്നതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു.

ചെളി നീക്കിയാൽ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ. ഇതിനായി ഗോവയിൽ നിന്ന് ഫ്ലോട്ടിം​ഗ് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിക്കുമെന്നും കാർവാർ എംഎൽഎ അറിയിച്ചു. സി​ഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോൾ ചളിയും പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും അടിഞ്ഞുകൂടി കിടക്കുന്നതാണ് നിലവിൽ തിരച്ചിലിന് പ്രതിസന്ധിയായിരിക്കുന്നത്.

തുറമുഖത്ത് നിന്ന് പുഴയിലൂടെ ഡ്രഡ്ജർ എത്തിക്കാനാണ് ശ്രമം. സ്വാതന്ത്ര്യ ദിനമായതിനാൽ നാളെ എത്തിക്കാനാകില്ല. കേരളത്തിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഓപ്പറേറ്റർ അസുഖബാധിതനാണ് എന്നായിരുന്നു ചോദിച്ചപ്പോൾ ലഭിച്ച മറുപടി. ഈ മറുപടി ലഭിച്ചത് വൈകിയാണെന്നും കാർവാർ എംഎൽഎ കുറ്റപ്പെടുത്തി. എത്ര സമയമെടുത്താലും ഷിരൂരിൽ പരിശോധന തുടരുക തന്നെ ചെയ്യുമെന്നും എംഎൽഎ വ്യക്തമാക്കി.

പരിശോധന ആഴത്തിൽ നടത്തണമെങ്കിൽ ഡ്രെഡ്ജിംഗ് മെഷീൻ ആവശ്യമാണെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും അറിയിച്ചു. ഈശ്വർ മാൽപെയുടെ സംഘവുമായി ചർച്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എത്ര ആഴത്തിൽ പോയാലും വലിയ മരക്കഷ്ണങ്ങളും പാറകളുമാണ് തിരച്ചിൽ സംഘത്തിന് കാണാൻ സാധിക്കുന്നത്. ചളിയും മറ്റ് വസ്തുക്കളും നീക്കം ചെയ്യണമെങ്കിൽ ഡ്രെഡ്ജിംഗ് മെഷീൻ എത്തിയേ മതിയാകൂ. സ്വാതന്ത്ര്യദിനം ആയതിനാൽ നാളെ മെഷീൻ എത്തിക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നും മഞ്ചേശ്വരം എംഎൽഎ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പശ്ചാത്തലത്തിൽ മറ്റന്നാളാണ് തിരച്ചിൽ തുടരുക.

Leave a Reply

Your email address will not be published. Required fields are marked *