Your Image Description Your Image Description

 

ഡൽഹി: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രക്ഷോഭകർ തന്റെ വീട്ടുപടിക്കൽ എത്തിയതോടെ എത്രയും പെട്ടെന്ന് രാജ്യം വിടാൻ സുരക്ഷ ഉദ്യോഗസ്ഥർ നിർദേശിച്ച​തിനാൽ ആ പ്രസംഗം നടന്നില്ല. സംവരണത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിലാണ് ഹസീന രാജിവെക്കേണ്ടിവന്നത്. രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാൽ ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും ഹസീന അനുയായികളോട് വെളിപ്പെടുത്തിയിരുന്നു. പ്രസംഗത്തെ കുറിച്ചും അവർ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലാണിപ്പോൾ ഹസീനയുള്ളത്.

ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങൾ ദേശീയമാധ്യമങ്ങളുമായി പങ്കുവെച്ചത്. ബംഗ്ലാദേശിൽ ഭരണമാറ്റമുണ്ടാകാനായി യു.എസ്. ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് ഹസീനയുടെ ആരോപണം.

‘മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനായാണ് ഞാൻ രാജിവെച്ചത്. വിദ്യാർഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി ഭരണത്തിലേറാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ, ഞാൻ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രിപദത്തിൽ നിന്ന് ഞാൻ രാജിവെച്ചിരിക്കുകയാണ്’, ഷെയ്ഖ് ഹസീന പറഞ്ഞു.

‘സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും ബംഗാൾ ഉൾക്കടലിനുമേൽ അധികാരം സ്ഥാപിക്കാൻ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ എനിക്ക് അധികാരത്തിൽ തുടരാൻ കഴിയുമായിരുന്നു. തീവ്രവാദികളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. ഞാൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടമായേനെ. ഞാൻ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. നിങ്ങൾക്കെന്നെ വേണ്ടാതായി, അതിനാൽ ഞാൻ പോകുന്നു’, ഹസീന തുടർന്നു.

തന്റെ പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകരോട് പ്രതീക്ഷ കൈവെടിയരുതെന്ന് ഹസീന പറഞ്ഞു. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ട്. താൻ ഉടൻ തിരിച്ചുവരും. താൻ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിലെ ജനങ്ങൾ വിജയിച്ചുവെന്നും ഹസീന പ്രസംഗത്തിൽ പറഞ്ഞു.

വലിയ വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ ഭാഗമായി നാനൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *