Your Image Description Your Image Description

 

വയനാട്: വയനാട് ദുരന്തമു​ഖത്തെത്തി ദുരിന്ത ബാധിതരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലും വിംസ് ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി. കുട്ടികളടക്കം ചികിത്സയിൽ കഴിയുന്ന നിരവധി പേരെ അദ്ദേഹം ആശ്വസിപ്പിച്ചു. ദുരിത ബാധിതർക്കൊപ്പം കൂടെയുണ്ടാവുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.

ദുരിത ബാധിതർ തങ്ങളുടെ ദുഃഖം പ്രധാനമന്ത്രിയുമായി പങ്കുവച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട പ്രത്യേക കൗൺസിലിംഗും മറ്റ് ചികിത്സകളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ഡോക്ടർമാർക്ക് നിർദേശം നൽകി. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചിത്രങ്ങളിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

സൈന്യം 16 മണിക്കൂർ കൊണ്ട് യാഥാർത്ഥ്യമാക്കിയ, രക്ഷാപ്രവർത്തനത്തിൽ നിർണായകമായ ബെയ്ലി പാലത്തിലൂടെ നടന്നാണ് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയത്. ദുരന്ത മേഖലയിൽ കയ്യും മെയ്യും മറന്ന് രാപ്പകലുകൾ വേർതിരിവില്ലാതെ രക്ഷാപ്രവർത്തനം നടത്തിയ സൈന്യവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രക്ഷാ പ്രവർത്തനം നടത്തിയതിന്റെ രീതികളും സ്ഥിതിഗതികളും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി 45 മിനിറ്റോളം ദുരന്ത ഭൂമിയിൽ ചെലവഴിച്ചു. എൻഡിആർഎഫ് ഉദ്യോഗസ്ഥരെയും, സ്‌പെഷ്യൽ ഗ്രൂപ്പ് ഓഫീസർമാരെയും, പൊലീസ് ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി നേരിട്ട് കണ്ട് വിവരങ്ങൾ തിരക്കി.

തുടർന്ന് സെന്റ് ജോസഫ് സ്‌കൂളിലെത്തിയ പ്രധാനമന്ത്രി ക്യാമ്പിൽ കഴിയുന്ന ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട 9 പേരെ കണ്ട് സാന്ത്വനിപ്പിച്ചിരുന്നു. മാതാപിതാക്കളെയും സഹോദരിയും നഷ്ടപ്പെട്ട അവന്തിക, ശ്രുതി, ലാവണ്യ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *