Your Image Description Your Image Description

 

തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പൂർണ്ണ സഹകരണം സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി നൂറ് വീടുകൾ നിർമ്മിച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അതിൽ അഞ്ചുവീടുകൾ സ്വന്തം നിലക്ക് നിർമിച്ച് നൽകും. പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎൽഎമാരും സമാന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. അതിനുള്ള സ്ഥലം സർക്കാർ നൽകുമോയെന്നത് സർക്കാർ വ്യക്തവരുത്തണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്നും പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണം സർക്കാർ വയനാട് പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത്. മുൻകാലങ്ങളിൽ അങ്ങനെ ചെയ്യാത്തതിനാലാണ് നിരവധി പാളിച്ചകൾ ഉണ്ടായത്.

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലീം ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളാണ് വഖഫ് ബോർഡുമായി ബന്ധപ്പെട്ടുള്ളത്. അതിൽ മാറ്റം വരുത്തുന്നതിന് മുൻപായി രാഷ്ട്രീയ പാർട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നു. അതുണ്ടായില്ല.

ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഭേദഗതി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. കോടികൾ വിലവരുന്ന വഖഫ് ഭൂമി പലർക്കും വീതിച്ച് നൽകാനുള്ള ഗൂഢമായ നീക്കമാണ് മോദി സർക്കാരിന്റെ ഭേദഗതി ബില്ലിന് പിന്നിലുള്ളത്. കേന്ദ്രസർക്കാരിന്റെ ആ ഉദ്ദേശം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

നിലവിലെ വഖഫ് ബോർഡ് നിയമത്തിൽ വെള്ളം ചേർത്ത് മതന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെത്.സംയുക്ത പാർലമെന്ററി സമിതിയിൽ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. ഇത്തരത്തിൽ ഒരു നിയമം പാസാക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *